ഐ എസ് എൽ ഏഴാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. നിലവിലെ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ ആണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. റോയ് കൃഷ്ണ നേടിയ ഏക ഗോളിന്റെ ബലത്തിലായിരുന്നു എ ടി കെ കൊൽക്കത്തയുടെ വിജയം. അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത മത്സരത്തിൽ കിട്ടിയ അവസരം മുതലാക്കിയതാണ് മോഹൻ ബഗാന് മൂന്ന് പോയിന്റ് നൽകിയത്.
ആദ്യ പകുതിയിൽ മെച്ചപ്പെട്ട് നിന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണെന്ന് പറയാം. ചെറിയ പാസുകളിലൂടെ പന്ത് കൂടുതൽ സമയം കൈവശം വെച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആയിരുന്നു. എന്നാൽ മികച്ച ഡിഫൻസീവ് ശൈപ്പ് സൂക്ഷിച്ച എ ടി കെ മോഹൻ ബഗാന്റെ ഡിഫൻസിനെ ഭേദിച്ച് നല്ല ഒരു അറ്റാക്കിങ് പാസ് നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല. നിർണായക സമയങ്ങളിലെ മിസ് പാസുകളും കേരള ബ്ലാസ്റ്റേഴ്സിന് വിനയായി. ആദ്യ പകുതിയിൽ സൂസൈരാജ് പരിക്കേറ്റ് പുറത്ത് പോയത് മോഹൻ ബഗാന് ക്ഷീണമായി. 34ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഒരു ലോങ് റേഞ്ചർ ആയിരുന്നു മോഹൻ ബഗാന് ലഭിച്ച മികച്ച അവസരം. ആ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.
37ആം മിനുട്ടിൽ ഒരു തുറന്ന അവസരം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചു എങ്കിലും റിത്വിക് ദാസിന് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. നവോറത്തിന്റെ ക്രോസിൽ നിന്നായിരുന്നു ഈ അവസരം വന്നത്. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് നന്നായി തുടങ്ങിയത്. 50ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സുവർണ്ണാവസരവും ലഭിച്ചു. പക്ഷെ കേരളത്തിന്റെ പ്രിയ താരം സഹലിന്റെ ഷോട്ട് എടുക്കാനുള്ള ശ്രമം പിഴച്ചു.
മത്സരത്തിന്റെ 67ആം മിനുട്ടിൽ രണ്ടാം പകുതിയിലെ മോഹൻ ബഗാന്റെ ആദ്യ അവസരം തന്നെ അവർ ഗോളാക്കി മാറ്റി. റോയ് കൃഷ്ണയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ അബദ്ധം മുതലാക്കി മോഹൻ ബഗാനെ മുന്നിൽ എത്തിച്ചത്. ഈ ഗോളിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും ഫൈനൽ പാസ് ഒരുക്കാനുള്ള മികവ് കാണിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.
കേരള ബ്ലാസ്റ്റേഴ്സ് ജോർദാൻ മുറയെ ഒക്കെ ഇറക്കി നോക്കി എങ്കിലും ക്രിയേറ്റിവിറ്റി ഇല്ലാത്തതിനാൽ മോഹൻ ബഗാൻ ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലും കേരള ബ്ലാസ്റ്റേഴ്സിനായില്ല. അവസാനം കൂടുതൽ അറ്റാക്കിനു വേണ്ടി ഫകുണ്ടോയെയും വികൂന ഇറക്കി. അത് അവസാന നിമിഷങ്ങളിൽ പ്രതീക്ഷ നൽകി. എങ്കിലും ജിങ്കനും തിരിയും അടങ്ങിയ ഡിഫൻസിന്റെ മികവ് മോഹൻ ബഗാന് മൂന്ന് പോയിന്റ് ഉറപ്പിച്ച് കൊടുക്കുകയും ചെയ്തു.