ഐ എസ് എല്ലിലെ അതിനിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിലേക്ക് ആദ്യ കാൽ വെച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 3-0 എന്ന സ്കോറിന് മുംബൈ സിറ്റിയെ തോൽപ്പിച്ചിരുന്നു.
ഇന്ന് വിജയം നിർബന്ധം ആയതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണം എന്ന തീരുമാനത്തിൽ ആയിരുന്നു. തുടക്കത്തിൽ തന്നെ റൈറ്റ് ബാക്കായ സന്ദീപിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു. ഒരു തവണ താരം ഗോൾ കീപ്പർ നവാസിനെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിന്റെ 19ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. മലയാളി യുവതാരം സഹൽ അബ്ദുൽ സമദ് പന്ത് സ്വീകരിച്ച് മുംബൈ സിറ്റി ഡിഫൻസിനെ ആകെ വട്ടം കറക്കുന്ന ഫീറ്റുമായി മുന്നേറി. ബോക്സിന് പുറത്ത് ഡി ബോക്സിൽ വെച്ച് സഹൽ തന്നെ ഗോൾ ലക്ഷ്യമായി തൊടുത്തു. താരം വല കണ്ടെത്തുകയും ചെയ്തു.
സഹലിന്റെ സീസണിലെ അഞ്ചാം ഗോളായി ഇത്. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 34ആം മിനുട്ടിൽ വാസ്കസിന്റെ ഒരു വോളി മികച്ച ബ്ലോക്കിലൂടെ ആണ് മുംബൈ സിറ്റി തടഞ്ഞത്. ആദ്യ പകുതിയുടെ അവസാന നിമിഷം വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽട്ടി നേടി തന്നു. വാസ്കസ് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.
രണ്ടാം പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 48ആം മിനുട്ടിൽ വാസ്കസിന്റെ ഒരു വോളി കൂടെ ബ്ലോക്ക് ചെയ്യപ്പെട്ടു. പിന്നാലെ ലൂണയുടെ ഒരു ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടിയാണ് പുറത്ത് പോയത്. 60ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടി. ഇത്തവണ മുംബൈ സിറ്റി കീപ്പർ നവാസിന്റെ വക ഒരു ഗിഫ്റ്റ് ആയാണ് കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം ഗോൾ നേടിയത്. നവാസിന്റെ ക്ലിയറൻസ് പാളി നേരെ വന്നത് വാസ്കസിന്റെ കാലുകളിൽ അനായാസം വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഡ് മൂന്നാക്കി.
71ആം മിനുട്ടിൽ മുംബൈ സിറ്റിക്ക് റഫറി വെറുതെ ഒരു പെനാൾട്ടി സമ്മാനിച്ചു. മൗറീസിയോക്ക് ആ പെനാൾട്ടി ലക്ഷ്യത്തിലെത്തിച്ചു. ഒരു ഫൗൾ എന്ന് പോലും തോന്നാത്ത കോണ്ടാക്റ്റിന് ആയിരുന്നു റഫറി പെനാൾട്ടി വിധിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഈ ഗോളിലും സമ്മർദ്ദത്തിൽ ആയില്ല. 81ആം മിനുട്ടിൽ ലൂണയുടെ ഒരു ഫ്രീകിക്ക് കൂടെ പോസ്റ്റിൽ തട്ടി മടങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് വർധിപ്പിക്കുന്നതിൽ തിരിച്ചടി ആയി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത് തിരികെയെത്തി. അവസാന മത്സരത്തിൽ ഗോവക്ക് എതിരെ ഒരു സമനില നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാം. മുംബൈ സിറ്റി അവസാന മത്സരത്തിൽ ഹൈദരബാദിനെതിരെ പോയിന്റ് നഷ്ടപ്പെടുത്തിയാലും കേരള ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. ബ്ലാസ്റ്റേഴ്സിന് 33 പോയിന്റും മുംബൈ സിറ്റിക്ക് 31 പോയിന്റുമാണ് ഇപ്പോൾ ഉള്ളത്.