ഐ എസ് എൽ ലീഗ് ഘട്ടത്തിലെ തങ്ങളുടെ അവസാനം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ആവേശകരമായ സമനില. ഇന്ന് ഗോവക്ക് എതിരെ ആദ്യ പകുതിയിലെ രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് 4-2 എന്ന് പിറകിൽ പോയതായിരുന്നു. എന്നാൽ അവസാന രണ്ട് മിനുട്ടിലെ രണ്ട് ഗോളിലൂടെ ഇവാം വുകമാനോവിചിന്റെ ടീം കളി 4-4 എന്നാക്കി മാറ്റി.
സെമി ഫൈനൽ ഉറപ്പിച്ചതിനാൽ പ്രധാന താരങ്ങളിൽ പലർക്കും വിശ്രമം നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. മത്സരത്തിന്റെ പത്താം മിനുട്ടിൽ ജോർഗെ പെരേര ഡിയസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്. സഹൽ അബ്ദുൽ സമദിന്റെ മികവായിരുന്നു ആ ഗോൾ ഒരുക്കിയത്. സഹൽ വലതു വിങ്ങിൽ നിന്ന് ബോൾ കൈക്കലാക്കി മുന്നേറി ഡിയസിന് പാസ് ചെയ്യുകയും ഡിയസ് ഡൈവിംഗ് ഫിനിഷിലൂടെ പന്ത് വലയിൽ എത്തിക്കുകയും ചെയ്തു.
രണ്ടാം ഗോളും ഡിയസിന്റെ ബൂട്ടിൽ നിന്നയിരുന്നു. 25ആം മിനുട്ടിൽ ചെഞ്ചോ നേടി തന്ന പെനാൾട്ടി ഡിയസ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ രണ്ട് ഗോളുകളോടേ ഡിയസിന് ഈ സീസണിൽ എട്ടു ഗോളുകൾ ആയി.
രണ്ടാം പകുതിയിൽ കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവ പോരാട്ടത്തിന്റെ ആവർത്തനമാണ് കണ്ടത്. കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും 2 ഗോളിന്റെ ലീഡ് കളഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു സെറ്റ് പ്ലേയിൽ നിന്ന് ഐറാം ഒരു ഗോൾ മടക്കി. പിന്നാലെ ഒരു പെനാൾട്ടിയിലൂടെ ഐറാം തന്നെ സമനില ഗോളും നേടി.
പിന്നീട് 79ആം മിനുട്ടിൽ ഐബാൻ ഡോഹ്ലിംഗ് ഗോവക്ക് ലീഡ് നൽകി. അവിടെയും തീർന്നില്ല. 4 മിനുട്ടുകൾക്ക് ശേഷം ഐറാം ഹാട്രിക്കും നേടി ഗോവയുടെ വിജയം ഉറപ്പിച്ചു. പക്ഷെ കേരള ബ്ലാസ്റ്റേഴ്സ് പൊരുതി. ചെഞ്ചോയുടെ പാസ് സ്വീകരിച്ച് 88ആം മിനുട്ടിൽ വിൻസിയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മടക്കി കളി 4-3 എന്നാക്കി. 90ആം മിനുട്ടിൽ വാസ്കസും കൂടെ പാർട്ടിയിൽ ചേർന്നു.സ്കോർ 4-4. അവസാനം മത്സരം ആഘോഷം തന്നെയാക്കി കേരള ബ്ലാസ്റ്റേഴ്സ്.
ഇതിനു ശേഷം വാസ്കസിന് വിജയ ഗോൾ നേടാൻ അവസരം വന്നു എങ്കിലും താരത്തിന് ഭാഗ്യം ഉണ്ടായില്ല. കേരള ബ്ലാസ്റ്റേഴ്സ് ഈ സമനിലയോടെ ലീഗ് ഘട്ടം നാലാം സ്ഥാനത്ത് അവസാനിപ്പിച്ചു. 20 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായാണ് കേരള ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ലീഗ് ഘട്ടത്തിലെ ഏറ്റവും ഉയർന്ന പോയിന്റ് ആണിത്. ഇനി പ്ലേ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സ് ആരെ നേരിടും എന്ന് ഇന്ന് നാളെ അറിയാം.