ഹിമാച്ചലിനെതിരെ ഇന്ന് കേരളം ഇറങ്ങിയത് ജയം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോട് തന്നെയായിയിരുന്നു. 297 റണ്‍സ് നേടുവാനായി ഇറങ്ങിയ കേരളത്തിനു രാഹുലിനെ(14) എളുപ്പത്തില്‍ നഷ്ടമായെങ്കിലും വിനൂപും സിജോമോനും കേരളത്തെ മുന്നോട്ട് നയിച്ചു. ലഞ്ചിനു മുമ്പ് സിജോയെ(23) നഷ്ടമായയെങ്കിലും വിനൂപും സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്കോര്‍ 206ല്‍ നില്‍ക്കെ കേരളത്തിനു വിനൂപിനെ നഷ്ടമായി. 96 റണ്‍സ് നേടിയ വിനൂപിനെ നഷ്ടമായ ശേഷം അടുത്ത ഓവറില്‍ മികച്ച ഫോമിലുള്ള മുഹമ്മദ് അസ്ഹറുദ്ദീനെ പൂജ്യത്തിനു നഷ്ടമായപ്പോള്‍ 206/2 എന്ന നിലയില്‍ നിന്ന് 207/4 എന്ന നിലയിലേക്ക് ടീം വീണപ്പോള്‍ മറ്റൊരു തകര്‍ച്ചയാവുമോ ഇതെന്ന് ആരാധകര്‍ ഭയപ്പെട്ടു.
എന്നാല്‍ സച്ചിന്‍ ബേബിയ്ക്ക് പിന്തുണയായി സഞ്ജു സാംസണ്‍ കളി ഒറ്റയ്ക്ക് മാറ്റി മറിയ്ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അടല്‍ ബിഹാരി വാജ്പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ റണ്‍ എ ബോള്‍ ശൈലിയില്‍ സഞ്ജു അടിച്ച് തകര്‍ത്തപ്പോള്‍ മറുവശത്ത് യാതൊരു സമ്മര്‍ദ്ദവുമില്ലാതെ സച്ചിന്‍ ബേബി നങ്കൂരമിടുകയായിരുന്നു. 67 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തിലാണ് കേരളം 299 റണ്‍സ് നേടി വിജയം കുറിച്ചത്.
സച്ചിന്‍ ബേബി 92 റണ്‍സ് നേടിയപ്പോള്‍ സഞ്ജു സാംസണ്‍ വെടിക്കെട്ട് ഇന്നിംഗ്സുമായി കേരളത്തിന്റെ വിജയം വേഗത്തിലാക്കുകയായിരുന്നു. സഞ്ജു 53 പന്തില്‍ നിന്ന് 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. 5 ബൗണ്ടറിയും 2 സിക്സും അടക്കമായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.