നാലാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി കേരളം. ഇന്ന് ഗോവയ്ക്കെതിരെയുള്ള മത്സരത്തില്‍ 9 വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കേരളത്തിനു വിഷ്ണു വിനോദ് പതിവു പോലെ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. 19 പന്തില്‍ നാല് സിക്സുകളോട് കൂടി 34 റണ്‍സ് നേടി വിഷ്ണു പുറത്താകുമ്പോള്‍ കേരളം 4.5 ഓവറില്‍ 45 റണ്‍സ് നേടിയിരുന്നു.
മെല്ലെയാണ് തുടങ്ങിയതെങ്കിലും സഞ്ജു സാംസണും വിഷ്ണു പുറത്തായപ്പോള്‍ ക്രീസിലെത്തിയ അരുണ്‍ കാര്‍ത്തിക്കും ചേര്‍ന്ന് കേരളത്തിന്റെ സ്കോര്‍ നൂറ് കടത്തി. 95 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ സഖ്യം കൂടുതല്‍ നഷ്ടമില്ലാതെ കേരളത്തിനെ വിജയത്തിലേക്ക് നയിച്ചു. കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ സഞ്ജു ടൂര്‍ണ്ണമെന്റിലെ തന്റെ ആദ്യ അര്‍ദ്ധ ശതകം നേടുകയായിരുന്നു. 44 പന്തില്‍ നിന്ന് 65 റണ്‍സാണ് സഞ്ജു നേടിയത്. അരുണ്‍ കാര്‍ത്തിക് 33 പന്തില്‍ നിന്ന് 37 റണ്‍സ് നേടി സഞ്ജുവിനു മികച്ച പിന്തുണ നല്‍കി.
15.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയാണ് കേരളം 9 വിക്കറ്റ് വിജയം ഗോവയ്ക്കെതിരെ നേടിയത്. 40 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് നേരിട്ട നാല് പന്തുകളില്‍ നിന്ന് 12 റണ്‍സ് കൂടി നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 4 ബൗണ്ടറിയും 4 സിക്സുമാണ് സഞ്ജു തന്റെ ഇന്നിംഗ്സില്‍ നേടിയത്. അരുണ്‍ കാര്‍ത്തിക് 6 ബൗണ്ടറിയും നേടി.
നേരത്തെ കെഎം ആസിഫ്, അഭിഷേക് മോഹന്‍ എന്നിവര്‍ നേടിയ മൂന്ന് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഗോവയെ കേരളം 138 റണ്‍സില്‍ ഒതുക്കുകയായിരുന്നു. അവസാന ഓവറുകളിലാണ് ഗോവയുടെ റണ്ണൊഴുക്കിനു ഒരു ഗതി തന്നെ വന്നത്. 11.3 ഓവറുകള്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടമായ ഗോവ 64 റണ്‍സ് നേടി ബുദ്ധിമുട്ടുകയായിരുന്നു. അവസാന ഓവറുകളില്‍ കീനന്‍(36), ഗര്‍ഷന്‍ മിസാല്‍(23), 4 പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്ന ലക്ഷയ് ഗാര്‍ഗ് എന്നിവരുടെ പ്രകടനങ്ങളാണ് ടീം സ്കോര്‍ 138ല്‍ എത്തിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial