ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗ്രഹാം പോട്ടറിന് കീഴിൽ ജയം തുടർന്ന് ചെൽസി. ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ചെൽസി മറികടന്നത്. ചെൽസി പന്ത് കൈവശം വക്കുന്നതിൽ ആധിപത്യം കാണിച്ച മത്സരത്തിൽ പക്ഷെ കൂടുതൽ അവസരങ്ങൾ തുറന്നത് വില്ല ആയിരുന്നു. ആറാം മിനിറ്റിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച മേസൺ മൗണ്ട് ചെൽസിക്ക് മുൻതൂക്കം സമ്മാനിച്ചു. തന്റെ ഗോൾ പരിക്കേറ്റ സഹതാരം റീസ് ജെയിംസിന് താരം സമർപ്പിച്ചു.

21 മത്തെ മിനിറ്റിൽ അവിശ്വസനീയം ആയ വിധം മക്വിൻ, ഇങ്‌സ്, റംസി എന്നിവരുടെ ഷോട്ടുകൾ തുടർച്ചയായി തടഞ്ഞ കെപ വില്ലക്ക് മുന്നിൽ വില്ലനായി. മത്സരത്തിൽ രണ്ടാം പകുതിയിൽ 20 വാര അകലെ നിന്നു ലഭിച്ച ഫ്രീകിക്ക് അതുഗ്രൻ ഷോട്ടിലൂടെ ലക്ഷ്യം കണ്ട മൗണ്ട് ചെൽസി ജയം ഉറപ്പിക്കുക ആയിരുന്നു. ഗോൾ പോസ്റ്റിനു മുന്നിൽ കെപയുടെ അവിശ്വസനീയ പ്രകടനം ചെൽസി ജയം ഉറപ്പാക്കുക ആയിരുന്നു. ജയത്തോടെ ചെൽസി നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ 16 മത് ആണ് വില്ല.














