കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനും തൃശൂ‍ർ ടൈറ്റൻസിനും ഇന്ന് ആദ്യ മത്സരം

Newsroom

Picsart 25 08 22 11 58 09 728
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുവനന്തപുരം : കെസിഎൽ രണ്ടാം സീസൻ്റെ രണ്ടാം ദിവസമായ ഇന്ന് രണ്ട് മല്സരങ്ങൾ. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ മല്സരത്തിൽ ആലപ്പി റിപ്പിൾസ് തൃശൂ‍ർ ടൈറ്റൻസിനെ നേരിടും. വൈകിട്ട് 6.45ന് നടക്കുന്ന മല്സരത്തിൽ കൊല്ലം സെയിലേഴ്സിൻ്റെ എതിരാളി ട്രിവാൺഡ്രം റോയൽസാണ്.

ടൂർണ്ണമെൻ്റിൽ വിജയത്തോടെ തുടക്കമിടാൻ ലക്ഷ്യമിട്ടാകും തൃശൂർ ടൈറ്റൻസും ആലപ്പി റിപ്പിൾസും കളിക്കാനിറങ്ങുക. ആദ്യ സീസണിൽ സെമിയിൽ എത്താൻ കഴിയാതിരുന്ന റിപ്പിൾസ് താരതമ്യേന പുതിയൊരു ടീമുമായാണ് ഇത്തവണ ടൂർണ്ണമെൻ്റിനെത്തുന്നത്. കഴിഞ്ഞ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്നവരിൽ നാല് പേ‍‍ർ മാത്രമാണ് ഇത്തവണത്തെ നിരയിലുള്ളത്. ക്യാപ്റ്റൻ മൊഹമ്മദ് അസറുദ്ദീൻ്റെയും ജലജ് സക്സേനയുടെയും പരിചയ സമ്പത്ത് തന്നെയാണ് ടീമിൻ്റെ പ്രധാന കരുത്ത്. അക്ഷയ് ചന്ദ്രൻ, അക്ഷയ് ടി കെ തുടങ്ങിയ ഓൾ റൌണ്ടർമാരും അനൂജ് ജോതിൻ, അരുൺ കെ എ തുടങ്ങിയ ബാറ്റർമാരും ടീമിലുണ്ട്. ബേസിൽ എൻ പിയും രാഹുൽ ചന്ദ്രനുമായിരിക്കും ബൌളിങ് നിരയ്ക്ക് നേതൃത്വം നല്കുക.

മറുവശത്ത് കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതൽ കരുത്തുറ്റൊരു ടീമുമായാണ് തൃശൂരിൻ്റെ വരവ്. ഓൾ റൌണ്ടറും കേരളത്തിൻ്റെ മുൻ രഞ്ജി ക്യാപ്റ്റനുമായ സിജോമോൻ ജോസഫാണ് ടീമിൻ്റെ ക്യാപ്റ്റൻ. അക്ഷയ് മനോഹർ, വരുൺ നായനാർ, അഹ്മദ് ഇമ്രാൻ, ഷോൺ റോജ‍ർ എന്നിവരടങ്ങുന്ന കരുത്തുറ്റൊരു ബാറ്റിങ് നിരയാണ് തൃശൂരിൻ്റേത്. ഇവ‍ക്കൊപ്പം വിഷ്ണു മേനോൻ, ആനന്ദ് കൃഷ്ണൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാർ കൂടി ചേരുമ്പോൾ ബാറ്റിങ് നിര അതിശക്തമാണ്. സി വി വിനോദ് കുമാർ സിബിൻ ഗിരീഷ് തുടങ്ങിയ ഓൾ റൌണ്ടർമാരും എം ഡി നിധീഷും മൊഹമ്മദ് ഇഷാഖും, ആനന്ദ് ജോസഫുമടങ്ങുന്ന ബൌളിങ് നിരയും കരുത്തുറ്റതാണ്. ടൂർണ്ണമെൻ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെ ആർ ആദ്യ മല്സരത്തിൽ തൃശൂരിന് വേണ്ടി ഇറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രണ്ടാം മല്സരത്തിൽ കൊല്ലത്തിൻ്റെ എതിരാളി തിരുവനന്തപുരമാണ്. ആദ്യ മല്സരത്തിലെ അവിശ്വസനീയ വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് കൊല്ലം കളിക്കാനിറങ്ങുക. എങ്കിലും ടീമിൻ്റെ ചില പോരായ്മകൾ തുറന്ന് കാട്ടുന്നത് കൂടിയായിരുന്നു കാലിക്കറ്റിന് എതിരെയുള്ള മല്സരം. ഇത് തിരുത്തി കൂടുതൽ കരുത്തോടെ മുന്നേറുകയായിരിക്കും ടീമിൻ്റെ ലക്ഷ്യം. മറുവശത്ത് തൊട്ടതെല്ലാം പിഴച്ച ആദ്യ മല്സരത്തിലെ തോൽവിക്ക് ശേഷം ഒരു തിരിച്ചുവരവിനാകും തിരുവനന്തപുരത്തിൻ്റെ ശ്രമം. ശക്തമായ ബാറ്റിങ് നിര അനാവശ്യ റണ്ണൗട്ടുകളിലൂടെ ചീട്ടുകൊട്ടാരം പോലെ തക‍ർന്നടിയുകയായിരുന്നു. ആത്മവിശ്വാസം വീണ്ടെടുക്കാൻ അനിവാര്യ വിജയം തേടി റോയൽസ് ഇറങ്ങുമ്പോൾ ആവേശപ്പോരാട്ടം തന്നെ പ്രതീക്ഷിക്കാം.