ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ് ബ്ലാസ്റ്റേഴ്സ്, മഞ്ഞക്കടലായി സ്റ്റേഡിയം

Jyotish

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ആദ്യ മത്സരം തന്നെ ജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിലെ പോരായ്മകൾ എല്ലാം കടന്നിറങ്ങിയ പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് ഇന്ന് കൊച്ചിയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കാണാൻ സാധിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് – എടികെ പോരാട്ടം കാണാൻ കലൂരിലെത്തിയത് 36298 ഫുട്ബോൾ ആരാധകരാണ്. കഴിഞ്ഞ സീസണിൽ അവസാനത്തോടടുക്കുമ്പോൾ നാലായിരത്തോളം മാത്രമായി കുറഞ്ഞ സ്റ്റേഡിയത്തിലെ ആരാധകരുടെ എണ്ണമാണ് മുപ്പതിനായിരം കടന്നത്. ആരാധകരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കാൻ ബ്ലാസ്റ്റേഴ്സ് നടത്തിയ നീക്കങ്ങൾ ഫലം കണ്ടു എന്നു വേണം പറയാൻ.

കൊച്ചിയെ മഞ്ഞക്കടലാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സാധിച്ചു. കളിക്കളത്തിലും മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ തുക മുടക്കി ടീമൊരുക്കിയ, കിരീടം നേടാൻ വലിയ സാധ്യത കൽപ്പിക്കപ്പെട്ട എ ടി കെ കൊൽക്കത്തയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും പിറന്നത് ക്യാപ്റ്റൻ ഒഗ്ബചെയിൽ നിന്നുമാണ്. ഈ സീസണിൽ ഏറെ പ്രതീക്ഷ നൽകുന്ന പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് കാഴ്ച്ച വെച്ചത്.