ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു പരാജയം കൂടെ. അതും കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ. ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.
ഇന്ന് രണ്ട് മാറ്റങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നന്നായാണ് തുടങ്ങിയത്. പക്ഷെ പതിയെ മിസ് പാസുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഫൈനൽ ത്രീയിൽ ഒരു നല്ല പാസ് നടത്താൻ ബ്ലാസ്റ്റേഴ്സിനാകാത്തതും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളുടെ മുനയൊടിയാൻ കാരണം ആയി.
മത്സരത്തിന്റെ 21ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ വഴങ്ങി. ഒരു കോർണറിൽ നിന്നായിരുന്നു ഗോൾ. കോർണർ നന്നായി ഡിഫൻഡ് ചെയ്യാൻ ബ്ലാസ്റ്റേഴ്സിനായില്ല. സെക്കൻഡ് ബോൾ വിജയിച്ച മെഹ്താബ് സിംഗ് പന്ത് വലയിലേക്ക് ഡ്രിൽ ചെയ്തു കയറ്റി. സ്കോർ 0-1.
ആ ഗോൾ വീണിട്ടും ബ്ലാസ്റ്റേഴ്സിന്റെ കളി മെച്ചപ്പെട്ടില്ല. മിസ്പാസുകൾ തുടർന്ന ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്ക് അവസരങ്ങൾ സമ്മാനിച്ചു. 31ആം മിനുട്ടിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ഡിയസ് മുംബൈ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. സ്റ്റുവർട്ടിന്റെ പാസ് സ്വീകരിച്ച ഡിയസ് ലെസ്കോവിചിനെയും മറികടന്നാണ് ഡിയസ് തന്റെ സീസണിലെ ആദ്യ ഗോൾ നേടിയത്. ഗോളടിച്ച ഡിയസ് ബ്ലാസ്റ്റേഴ്സ് ആരാധകരോടുള്ള സ്നേഹം കാരണം ആഹ്ലാദം വെട്ടികുറച്ചു.
33ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നു. സഹലിന് കിട്ടിയ ചാൻസ് പക്ഷെ ഗോളായി മാറിയില്ല. 36ആം മിനുട്ടിലെ ലൂണയുടെ ഫ്രീകിക്കും മുംബൈ സിറ്റി ഗോൾ കീപ്പറെ പരീക്ഷിച്ചു.
രണ്ടാം പകുതിയിൽ തീർത്തും ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം ആയിരുന്നു കാണാൻ കഴിഞ്ഞത്. ദിമിത്രിയോസിന്റെ ഒരു ഷോട്ട് ലചെമ്പ തുടക്കത്തിൽ തന്നെ തടഞ്ഞു. ഇതിനു ശേഷം ലഭിച്ച കോർണറിൽ ജീക്സണ് ഫ്രീ ഹെഡർ ലഭിച്ചു എങ്കിലും അത് ടാർഗറ്റിൽ പോലും എത്തിയില്ല.
70ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ഇവാനെയും ഹോർമിയെയും സബ്ബായി കളത്തിൽ എത്തിച്ചു. 71ആം മിനുട്ടിൽ ലൂണയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു പിന്നാലെ രാഹുലിന് ഒരു അവസരം ലഭിച്ചു എങ്കിലും അതും ഗോളായില്ല.
ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ മൂന്നാം പരാജയമാണ്. നാലു മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. മുംബൈ സിറ്റി 8 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.