ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്നു ഗോളിനാണ് വിജയിച്ചത്. വിദേശ താരം ദിമിത്രിയോസും മലയാളി താരം സഹലും ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്.
ഇന്ന് ആദ്യ ഇലവനിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നിട്ടും ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം കഴിഞ്ഞ കളിയിൽ നിന്നും മെച്ചപ്പെട്ടില്ല. ഫൈനൽ തേർഡിൽ നല്ല പാസുകൾ നൽകാൻ ബ്ലാസ്റ്റേഴ്സ് ഇന്നും പ്രയാസപ്പെട്ടു. ആദ്യ പകുതിയിൽ ഗോളിനായി ഏറ്റവും അടുത്തത് നോർത്ത് ഈസ്റ്റ് ആയിരുന്നു. റൊമെയ്നിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് ഗോളാകാതെ മടങ്ങിയത്.
രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. 57ആം മിനുട്ടിൽ ആദ്യ ഗോളും വന്നു. രാഹുൽ കെ പി പെനാൾട്ടി ബോക്സിന് മുന്നിൽ വെച്ച് സൗരവിന് നൽകിയ പാസ് താരം ഗോൾ മുഖത്തേക്ക് തിരിച്ച് വിട്ടു. ഈ പന്ത് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ദിമിത്രിയോസ് ഗോളാക്കി മാറ്റി. താരത്തിന്റെ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ആദ്യ ഗോളായിരുന്നു.
ഈ ഗോളിന് ശേഷം പരിക്കേറ്റ ദിമിത്രിയോസ് കളം വിട്ടു പകരം അപോസ്തൊലിസ് കളത്തിൽ എത്തി. സഹലും സബ്ബായി കളത്തിൽ എത്തി. എമിൽ ബെന്നിയിലൂടെ നോർത്ത് ഈസ്റ്റ് സമനിലക്ക് അടുത്ത് എത്തിയെങ്കിലും ആ അപകടം ഒഴിവാക്കാൻ സന്ദീപിനായി. ഇതിനു പിന്നാലെ 85ആം മിനുട്ടിൽ സഹലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു.
വലതു വിങ്ങിലൂടെ വന്ന രാഹുൽ നൽകിയ പാസ് സ്വീകരിച്ചായിരുന്നു സഹലിന്റെ ഫിനിഷ്. താരത്തിന്റെ സീസണിലെ ആദ്യ ഗോളായൊ ഇത്. ഇതിനു ശേഷം പൂട്ടിയയെയും മോംഗിലിനെയും ഇറക്കി. കളിയുടെ അവസാന നിമിഷം സഹൽ രണ്ടാം ഗോൾ കൂടെ നേടിയതോടെ ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചു.
മൂന്ന് മത്സരങ്ങൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് എത്തുന്നത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് 9ആം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. ബ്ലാസ്റ്റേഴ്സിന് 5 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആണുള്ളത്. നോർത്ത് കളിച്ച അഞ്ചു മത്സരങ്ങളും തോറ്റ് ലീഗിൽ അവസാന സ്ഥാനത്ത് നിൽക്കുന്നു.