ഇന്ന് പല വിവാദങ്ങളിലൂടെയും ഗോകുലം കേരള എഫ് സിയും റിയൽ കാശ്മീരും തമ്മിലുള്ള പോര് കടന്നു പോയി എങ്കിലും അതിനെയൊക്കെ മറികടക്കുന്ന വാക്കുകളാമണ് ബിനോ ജോർജ്ജിൽ നിന്ന് ഇന്ന് മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ വന്നത്. ഇന്ന് നടന്ന പ്രശ്നങ്ങൾ നിർഭാഗ്യകരമാണെന്ന് ബിനോ ജോർജ്ജ് പറഞ്ഞു. റിയൽ കാശ്മീരിന്റെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്ന് അതിരുവിട്ടു പോയിരുന്നു.
റിയൽ കാശ്മീരിന് നല്ല സ്വീകരണം ഒരുക്കാനും, പരമാവധി നല്ല സൗകര്യങ്ങൾ ഒരുക്കാനും വേണ്ടി മാത്രമെ ഗോകുലം കേരള എഫ് സി ശ്രമിച്ചിട്ടുള്ളൂ എന്ന് ഗോകുലം പരിശീലകൻ പറഞ്ഞു. കോഴിക്കോട് ലഭിക്കാവുന്ന ഏറ്റവും മികച്ച പിച്ചാണ് മെഡിക്കൽ കോളേജിൽ ഉള്ളത്. അതാണ് ട്രെയിനിങിനായി നൽകിയത് എന്നും ബിനോ കോച്ച് പറഞ്ഞു.
ഈ പ്രശ്നങ്ങൾ ഒന്നും ടീമിനെ ബാധിക്കില്ല എന്നും ഫുട്ബോളിൽ മാത്രമാണ് ശ്രദ്ധ എന്നും ടീം പറഞ്ഞു. കാശ്മീർ ഐലീഗിൽ എത്തിയതിൽ വലിയ സന്തോഷമുള്ള വ്യക്തിയാണ് താൻ. ആദ്യമായണ് ഒരു ടീം കാശ്മീരിൽ നിന്ന് ദേശീയ ലീഗിൽ കളിക്കുന്നത്. കാശ്മീരിൽ ഫുട്ബോൾ വളരാൻ ഇത് സഹായിക്കും. ഇന്ത്യ മുഴുവൻ ഫുട്ബോൾ ജ്വരം വരണമെന്നാണ് തന്റെ ആഗ്രഹം എന്നും ബിനോ പറഞ്ഞു.
ഏതൊരു എവേ ടീമിനെയും ചെണ്ട മേളം കൊണ്ടും ചന്ദനം തൊട്ടും വരവേൽക്കുന്ന ടീമാണ് ഗോകുലം. വേറെ എവിടെയും അത്തരം സ്വീകരണം കാണാൻ കഴിയില്ല. ഐലീഗിലെ ഏറ്റവും മികച്ച ഹോസ്റ്റെന്നാണ് മിനേർവ പഞ്ചാബ് തങ്ങളെ വിളിച്ചത് എന്ന് ഓർമ്മിക്കണം എന്നും ബിനോ പറഞ്ഞു.