ഇത്തവണ കേരള പ്രീമിയർ ലീഗിന് കണ്ണൂരിൽ നിന്നും ഒരു ക്ലബ് ഉണ്ടാകും. ഇന്ന് നടന്ന പ്ലേ ഓഫ് പോരാട്ടം വിജയിച്ച് കൊണ്ട് കണ്ണൂർ സിറ്റി എഫ് സി കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി. ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലൂക്കാ സോക്കറിനെ പരാജയപ്പെടുത്തി ആയിരുന്നു കണ്ണൂർ യോഗ്യത ഉറപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.
മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അഭിജിത്ത് ആണ് കണ്ണൂർ സിറ്റിയുടെ വിജയ ഗോൾ നേടിയത്. അഭിജിത്ത് എടുത്ത പെനാൾട്ടി ഗോൾ കീപ്പർ തടുത്തു എങ്കിലും റീബൗണ്ടിൽ താരം ലക്ഷ്യം കാണുകയായിരുന്നു. ജയം കേരള പ്രീമിയർ ലീഗിലേക്ക് കണ്ണൂർ സിറ്റിക്ക് നേരിട്ട് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു.
വിവേ കേരള ക്ലബിന്റെ അണിയറയിൽ ഉണ്ടായിരുന്നവർ ആണ് പുതിയ ക്ലബായ കണ്ണൂർ സിറ്റിക്ക് പിറകിൽ ഉള്ളത്. മുമ്പ് വിവാ കേരളയുടെ മാനേജർ ആയിരുന്ന പ്രശാന്തൻ ആണ് കണ്ണൂർ സിറ്റിയുടെയും മാനേജർ. വിദേശ പരിശീലകനായ ക്ലിഫോർഡ് ചുകുവാമയാണ് ടീമിന്റെ പരിശീലകൻ. മുമ്പ് സ്പോർടിംഗ് ഗോവയെ പരിശീലിപ്പിച്ചിട്ടുള്ള ആളാണ് ക്ലിഫോർഡ്.