നിർഭാഗ്യം കൊണ്ട് മാത്രം ലോകകപ്പ് കിരീടം ഉയർത്താനാവാതെ പോയ കിവീസ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ലോകകപ്പിലെ ഏറ്റവും മികച്ച കളികാരനുള്ള അവാർഡ് സ്വന്തമാക്കി. ലോകകപ്പ് ഉടനീളം കിവീസ് ബാറ്റിങ് നിരയെ മുന്നിൽ നിന്ന് നയിച്ചയാളാണ് വില്യംസൺ. ഫൈനലിൽ ഇംഗ്ലണ്ടിനോട് സൂപ്പർ ഓവറിൽ ബൗണ്ടറികളുടെ എണ്ണത്തിൽ ഉള്ള വിത്യാസം കൊണ്ട് മാത്രം തോറ്റ കിവീസ് നിരയെ മികച്ച ക്യാപ്റ്റൻസി കൊണ്ടും മുന്നിൽ എത്തിച്ചയാളാണ് വില്യംസൻ.
ഈ ലോകകപ്പിൽ ഒൻപത് ഇന്നിങ്‌സിനിറങ്ങിയ താരം ആകെ 578 റൺസ് നേടി. ശരാശരി 82.57 റൺസ്. 74.96 എന്ന ബേധപെട്ട സ്‌ട്രൈക് റേറ്റും താരത്തിനുണ്ട്. ഇതിൽ 2 സെഞ്ചുറികളും 2 അർധ സെഞ്ചുറികളും ഉൾപ്പെടും. ലോകകപ്പിൽ കിവീസ് നേടിയ ആകെ റൺസിന്റെ 30 ശതമാനത്തോളം വരും താരത്തിന്റെ ഈ 578 റൺസ് എന്നത് കണക്കിൽ എടുക്കുമ്പോൾ കിവീസിന്റെ ഫൈനൽ വരെയുള്ള പ്രയാണത്തിൽ കെയ്ൻ വഹിച്ച പങ്കിന്റെ വില വളരെ വലുതാകും.