ഐപിഎലിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളെ സസൂക്ഷ്മം വീക്ഷിക്കുന്നു – കെയിന്‍ വില്യംസണ്‍

Sports Correspondent

ന്യൂസിലാണ്ട് താരങ്ങള്‍ നാട്ടില്‍ പരിശീലനം ആരംഭിച്ചുവെങ്കിലും അന്താരാഷ്ട്ര ഫിക്സ്ച്ചറുകള്‍ ഒന്നും തന്നെ ടീമിന് അടുത്ത കാലത്തൊന്നുമില്ലെന്നതിനാല്‍ തന്നെ നായകന്‍ കെയിന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉറ്റുനോക്കുന്നത് ഐപിഎലില്‍ പങ്കെടുത്ത് ക്രിക്കറ്റിലേക്ക് മടങ്ങാമെന്നതാണ്. ടി20 ലോകകപ്പും ടീമിന്റെ ബംഗ്ലാദേശ് പര്യടനവുമെല്ലാം ഉപേക്ഷിക്കപ്പെടുകയായിരുന്നു അടുത്തിടെ.

ഇപ്പോള്‍ ഐപിഎല്‍ യുഎഇയില്‍ വെച്ച് നടത്തുവാനുള്ള സാധ്യതകള്‍ ബിസിസിഐ ആരാഞ്ഞിട്ടുണ്ടെന്ന വാര്‍ത്തകളെ താന്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നാണ് ഐപിഎലില്‍ കളിക്കുവാനാകുന്നുവെങ്കില്‍ അത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്നും താരം വ്യക്തമാക്കി.

ഇപ്പോള്‍ പുറത്ത് വരുന്ന സംഭവ വികാസങ്ങള്‍ താന്‍ ഉറ്റുനോക്കുകയാണെന്നും അന്തിമ തീരുമാനത്തിലേക്ക് എത്തുവാന്‍ ഇനിയും ഏറെ കടമ്പകളുള്ളതിനാല്‍ ഇപ്പോള്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുക മാത്രമാണ് ചെയ്യാനാകുകയെന്നും കെയിന്‍ വില്യംസണ്‍ വ്യക്തമാക്കി. ഏതാനും ദിവസം മുമ്പ് മാത്രമാണ് ടി20 ലോകകപ്പ് മാറ്റിവെച്ച തീരുമാനം പുറത്ത് വന്നത്. അതിനാല്‍ തന്നെ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുവാന്‍ ഇനിയും സമയം എടുക്കുമെന്നും എന്ത് തന്നെയായാലും ക്രിക്കറ്റ് ലോകം അത് ഉറ്റുനോക്കുകയാണെന്നും വില്യംസണ്‍ അഭിപ്രായപ്പെട്ടു.