ബയേൺ മ്യൂണികിൽ ചേരാൻ സമ്മതം മൂളി ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയിൻ. നേരത്തെ ബയേണും ആയി തങ്ങളുടെ റെക്കോർഡ് ഗോൾ വേട്ടക്കാരനെ 100 മില്യൺ യൂറോയിൽ അധികമുള്ള തുകക്ക് വിൽക്കാൻ ടോട്ടനം ധാരണയിൽ എത്തിയിരുന്നു. ജർമ്മൻ റെക്കോർഡ് ജേതാക്കളും ആയി വ്യക്തിഗത ധാരണയിൽ എത്തിയ 30 കാരനായ കെയിൻ ബയേണിൽ 4 വർഷത്തെ കരാർ ആണ് ഒപ്പ് വെക്കുക.
ബയേണിന്റെ പരിശീലകൻ തോമസ് ടൂഹലിന്റെ വലിയ താൽപ്പര്യവും താരം ജർമ്മനിയിൽ എത്താൻ നിർണായകമായി. താരത്തിന് മെഡിക്കലിൽ പങ്കെടുക്കാൻ ജർമ്മനിയിൽ പോവാൻ ടോട്ടനം അനുവാദം നൽകിയത് ആയും റിപ്പോർട്ട് ഉണ്ട്. 2004 മുതൽ ടോട്ടനം അക്കാദമിയിൽ ചേർന്ന കെയിൻ 2011 ൽ ആണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇടക്ക് ലോണിൽ മിൽവാൽ, നോർവിച്ച്, ലെസ്റ്റർ ടീമുകളിൽ പോയത് ഒഴിച്ചാൽ കരിയറിൽ ടോട്ടനത്തിൽ മാത്രമാണ് കെയിൻ കളിച്ചത്. ടോട്ടനത്തിനു ആയി മൊത്തം 435 മത്സരങ്ങളിൽ നിന്നു 280 ഗോളുകൾ നേടിയ കെയിൻ അവരുടെ റെക്കോർഡ് ഗോൾ വേട്ടക്കാരൻ ആയത് കഴിഞ്ഞ കൊല്ലം ആണ്.
പ്രീമിയർ ലീഗിൽ 317 തവണ കളിച്ചു ടോട്ടനത്തിനു ആയി 213 ഗോളുകൾ നേടിയ കെയിൻ പ്രീമിയർ ലീഗ് ഗോൾ വേട്ടയിൽ സാക്ഷാൽ അലൻ ഷിയറിനു മാത്രം പിറകിൽ ആണ്. കഴിഞ്ഞ സീസണിലും 30 ഗോളുകൾ ലീഗിൽ നേടിയ കെയിൻ ഈ റെക്കോർഡ് തകർക്കാനുള്ള അവസരം തള്ളിയാണ് ജർമ്മനിയിൽ പോകുന്നത്. എന്നാൽ ടോട്ടനത്തിൽ ഇത് വരെ ഒരു കിരീടവും നേടാൻ ആയില്ല എന്നത് തന്നെയാണ് കെയിൻ കാണുന്ന പ്രധാന കുറവ്. ഇംഗ്ലണ്ടിന് ആയി 84 കളികളിൽ നിന്നു 58 ഗോളുകൾ നേടിയ കെയിൻ ഇംഗ്ലീഷ് റെക്കോർഡ് ഗോൾ വേട്ടക്കാരൻ കൂടിയാണ്.