കളി താരതമ്യം ചെയ്ത് പറയുമ്പോൾ ഉയർന്ന് കേൾക്കുന്ന കാര്യമാണ്, ഇത് നിങ്ങടെ കണ്ടം ക്രിക്കറ്റല്ല. അല്ല, അറിയാൻ പാടില്ലാത്തത് കൊണ്ടു ചോദിക്കേണ്, എന്താണ് കണ്ടം ക്രിക്കറ്റിന് കുഴപ്പം?
ലക്ഷക്കണക്കിന് കുട്ടികളും ചെറുപ്പക്കാരും കപിൽ ദേവും, ഗവാസ്കറും, ബേദിയും, പാട്ടോഡിയും, വെങ്കട്ടരാഘവനും ഒക്കെയായി മാറുന്ന ഈ കണ്ടങ്ങളിൽ നിന്നാണ് 11 പേരുടെ ഇന്ത്യൻ ടീം ഉണ്ടാകുന്നത്. ഈ കണ്ടങ്ങളിൽ നിന്നുയരുന്ന ആരവങ്ങളാണ്, ഒന്നിച്ചു കൂടി സ്റ്റേഡിയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നത്. ഈ കണ്ടങ്ങളിൽ കുത്തുന്ന മരക്കമ്പുകളിൽ നിന്നാണ് സ്റ്റമ്പുകൾ കടഞ്ഞെടുക്കുന്നത്, ഇവിടെ വീശുന്ന മടലുകളിൽ നിന്നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗണ്ടറികൾ ഉണ്ടാകുന്നത്. ചുരുക്കി പറഞ്ഞാൽ ഇവിടെ കാണുന്ന സ്വപ്നങ്ങളാണ് പിന്നീട് കളിയിലെ കേമനെയും, ക്രിക്കറ്റ് ദൈവങ്ങളെയും സൃഷ്ടിക്കുന്നത്.
ഏതൊരു ക്രിക്കറ്റ് കളിക്കാരന്റെയും കളിയോടുള്ള അഭിരുചി സ്വയം അറിയുന്നതും മറ്റുള്ളവർ തിരിച്ചറിയുന്നതും ഈ കണ്ടങ്ങളിലാണ്. അവന്റെ ആദ്യ വിക്കറ്റ് അല്ലെങ്കിൽ ബൗണ്ടറി ഇവിടെയാണ് പിറക്കുന്നത്. അവൻ എത്ര വലിയ കളിക്കാരനായാലും ആ നിമിഷങ്ങൾ അവനോടൊപ്പം ജീവിക്കും.
പതിനെട്ടാം പടി കയറാൻ ആദ്യം ചെയ്യേണ്ടത് ആദ്യ പടി ചവിട്ടുകയാണ്. ക്രിക്കറ്റ് കളിച്ചു തുടങ്ങുന്ന ഏതൊരു കുട്ടിയും കണ്ടം ചവിട്ടിയെ പറ്റൂ. എല്ലായിടത്തും അതിനെ കണ്ടമെന്നാകണമെന്നില്ല പേര്. ചില നാടുകളിൽ അതിനെ ഗള്ളിയെന്നു വിളിക്കും, ചിലരതിനെ മുറ്റമെന്നു വിളിക്കും, മറ്റ് ചിലർ പറമ്പെന്നും പറയും.
അത് കൊണ്ട് കണ്ടം കളിയെ പുച്ഛിക്കണ്ട, അവിടെ കളിക്കുന്നതിൽ നിന്നു കുട്ടികളെ തടുക്കുകയും വേണ്ട. മാറ്റിലും പിച്ചിലും കാല് വയ്ക്കുന്നതിന് മുൻപ് അവർ കണ്ടത്തിൽ പിച്ച വച്ചു തുടങ്ങട്ടെ!