ഡല്‍ഹിയുടെ ഐപിഎല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി, സൂപ്പര്‍ താരത്തോട് ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്

Sports Correspondent

ഡല്‍ഹിയുടെ ഐപിഎല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായി കാഗിസോ റബാഡയുടെ പരിക്ക്. ഇനിയുള്ള മത്സരങ്ങളില്‍ താരം കളിയ്ക്കില്ലെന്നാണ് അറിയുന്നത്. താരം കഴിഞ്ഞ മത്സരം പുറംവേദന കാരണം കളിച്ചിരുന്നില്ല. കരുതല്‍ നടപടിയെന്ന നിലയില്‍ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയാണ് താരത്തോടെ ബാക്കി മത്സരങ്ങളില്‍ നിന്ന് വിശ്രമിക്കുവാന്‍ ആവശ്യപ്പെട്ടത്. മേയ് 30നു ലോകകപ്പ് തുടങ്ങുവാനിരിക്കെയാണ് താരത്തിന്റെ പരിക്ക് തിരിച്ചടിയാകുന്നത്. താരം പരിക്ക് മാറി ലോകകപ്പിനു സജ്ജമാകുമെന്നാണ് ദക്ഷിണാഫ്രിക്ക കരുതുന്നത്.

ഐപിഎലില്‍ 25 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പിനു ഉടമയാണ് കാഗിസോ റബാഡ. ടീമിന്റെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിലാണ് താരം അസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് താരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരം കളിച്ചിരുന്നില്ല. ഇതോടെ ഡല്‍ഹിയുടെ അവസാന മത്സരത്തിലും പ്ലേ ഓഫിലെ മത്സരങ്ങളിലും താരം കളിയ്ക്കുകയില്ല.