കെ ലീഗിൽ നിലവിലെ ജേതാക്കളായ യു.എഫ്.സിയുടെ ജയ കുതിപ്പ് തുടരുന്നു. ഇന്ന് ദുർബ്ബലരായ സ്‌കൂൾ ടീം ജി.എസ്.എസ്.എസിനെ അവർ തകർത്തത് എതിരില്ലാത്ത 11 ഗോളുകൾക്ക്. കളിച്ച എല്ലാ കളിയിലും വലിയ തോൽവി ഏറ്റുവാങ്ങിയ ജി.എസ്.എസ്.എസ് ഇതോടെ സെമി കാണില്ലെന്ന് ഉറപ്പായപ്പോൾ യു.എഫ്.സി തങ്ങളുടെ സെമി സാധ്യതകൾ സജീവമാക്കി. യു.എഫ്.സിക്കായി കളിയിലെ കേമനായ അബു ഷാബിൻ 5 ഗോളുകൾ ആണ് നേടിയത്. ഇതോടെ കെ ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി 42 ഗോളുകളുമായി ഷാബിൻ മാറി. ലക്ഷദ്വീപ് സന്തോഷ് ട്രോഫി ടീം താരങ്ങൾ നിറഞ്ഞ യു.എഫ്.സിക്കായി നജ്മുദ്ദീൻ, നസറുള്ള, തൻവീർ എന്നിവർ ഇരട്ടഗോളുകൾ കണ്ടത്തി.
കെ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ശക്തരായ അഷ്ഹദുവിനെ ഗ്രീൻ ലാന്റ് ഗോൾ രഹിത സമനിലയിൽ പിടിച്ചു. ഗ്രീൻ ലാന്റിന്റെ ബെഞ്ചിൽ ഇരുന്ന താരമായ നൗഷാദുമായി കയ്യാംകളിയിൽ ഏർപ്പെട്ട ഇസ്മയിലിന് ചുവപ്പ് കാർഡ് ലഭിച്ചതാണ് അഷ്ഹദുവിന് വിനയായത്. നൗഷാദിനും ചുവപ്പ് കാർഡ് ലഭിച്ചു. ചുവപ്പ് കാർഡോടെ 10 പേരായി ചുരുങ്ങിയ അഷ്ഹദുവിനെ പൂട്ടാൻ നിർണായക പങ്ക് വഹിച്ച ഗ്രീൻ ലാന്റിന്റെ മുഹമ്മദ് റാബിത്ത് ആണ് കളിയിലെ കേമൻ. കെ ലീഗിൽ ഇന്ന് നടക്കുന്ന മത്സങ്ങളിൽ ഹെവൻസ് ട്രീറ്റ് കൈസിനെയും വി.സി.സി അഷ്ഹദുവിനെയും നേരിടും.