യുവന്റസിന് ഇത് കിരീടമില്ലാത്ത സീസൺ. കോപ ഇറ്റാലിയ കിരീടം ഇന്റർ മിലാൻ ഉയർത്തി. ഇന്ന് റോമിൽ നടന്ന കോപ ഇറ്റാലിയ ഫൈനലിൽ എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ഇന്റർ മിലാൻ യുവന്റസിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഇന്ററിന്റെ വിജയം. എക്സ്ട്രാ ടൈമിൽ രണ്ട് ഗോൾ നേടിക്കൊണ്ട് പെരിസിച് ഇന്ന് ഇന്റർ മിലാന്റെ ഹീറോ ആയി.
ഇന്നാദ്യ പകുതിയുടെ തുടക്കത്തിൽ ബരേയയുടെ ഗോളിലൂടെ ഇന്റർ മിലാൻ ആണ് ലീഡ് എടുത്തത്. ഈ ലീഡ് ആദ്യ പകുതിയുടെ അവസാനം വരെ തുടർന്നു. രണ്ടാം പകുതിയിൽ എന്നാൽ കളി മാറി. 50ആം മിനുട്ടിൽ സാംട്രോയും 52ആം മിനുട്ടിൽ വ്ലാഹോവികും ഗോൾ നേടിയതോടെ ലീഡ് മാറിമറഞ്ഞു. യുവന്റസ് 2-1ന് മുന്നിൽ.
കളി യുവന്റസ് ജയിക്കാൻ പോവുകയാണെന്ന് തോന്നിപ്പിച്ച സമയത്ത് 80ആം മിനുട്ടിൽ ഇന്ററിന് ഒരു പെനാൾട്ടി ലഭിച്ചു. അത് ചാഹനൊഗ്ലു ലക്ഷ്യത്തിലും എത്തിച്ചു. കളി 2-2. എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ഇന്റർ കൂടുതൽ കരുത്തരായി. വീണ്ടും ഒരു പെനാൾട്ടി ലഭിച്ചു ഇത്തവണ പെരിസിച് ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇതിനു പിന്നാലെ പെരിസിച് ഒരു ഗോൾ കൂടെ സ്കോർ ചെയ്ത് കളി 4-2 എന്നാക്കുകയും പിന്നീട് ഇന്റർ വിജയം ഉറപ്പാക്കുകയും ചെയ്യരുത്.
ഇന്റർ മിലാന്റെ എട്ടാം കോപ ഇറ്റാലിയ കിരീടമാണിത്. ഇതിനു മുമ്പ് 2010-11 സീസണിലായിരുന്നു ഇന്റർ ഈ കിരീടം നേടിയത്.