ഇന്റർ മിലാന്റെ നീണ്ട കാലത്തെ കാത്തിരിപ്പിന് അവസാനം. സീരി എയിൽ രണ്ടാമതുള്ള അറ്റലാന്റയ്ക്ക് ഇന്ന് സസുവോളോയോട് വിജയിക്കാൻ ആവാത്തതോടെയാണ് ഇന്ററിന്റെ കിരീടം ഉറപ്പായത്. ഒമ്പത് വർഷമായി ഇറ്റലിയിൽ ഉണ്ടായിരുന്ന യുവന്റസിന്റെ ആധിപത്യത്തിന് ആണ് ഇതോടെ അവസാനമായത്. തുടർച്ചയായി ഒമ്പത് തവണ ലീഗ് കിരീടം നേടിയ യുവന്റസിന് ഈ സീസണിൽ ലീഗ് കിരീടം നേടാനാവില്ല എന്ന് കഴിഞ്ഞ ദിവസത്തെ ഇന്റർ മിലാന്റെ വിജയത്തോടെ തീരുമാനമായിരിന്നു.
ഇന്നത്തെ അറ്റലാന്റയുടെ ഫലത്തോടെ ഇന്റർ മിലാന് കിരീടത്തിൽ മുത്തമിടാൻ ആയി. ഒന്നാമതുള്ള ഇന്റർ മിലാന് ഇപ്പോൾ 82 പോയിന്റാണ് ഉള്ളത്. രണ്ടാമതുള്ള അറ്റലാന്റയ്ക്ക് 69 പോയിന്റും. ഇനി നാലു മത്സരങ്ങൾ മാത്രം ശേഷിക്കെ എല്ലാ മത്സരങ്ങളും വിജയിച്ചാലും അറ്റലാന്റയ്ക്ക് ഇനി ഇന്ററിനൊപ്പം എത്താൻ ആവില്ല. എല്ലാ മത്സരങ്ങളും അറ്റലാന്റ ജയിച്ചാലും അവർക്ക് 81 പോയിന്റിൽ മാത്രമെ എത്താൻ സാധിക്കുകയുള്ളൂ.
ഇന്ററിന്റെ 19ആം ലീഗ് കിരീടം ആണ് ഇത്. അവസാനമായി 2009-10 സീസണിൽ ആയിരുന്നു ഇന്റർ സീരി എ കിരീടം നേടിയത്. യുവന്റസിന്റെ കിരീട തേരോട്ടം ആരംഭിച്ച കോണ്ടെ തന്നെയാണ് ആ യാത്ര അവസാനിപ്പിച്ച് ഇന്ററിനെ ചാമ്പ്യന്മാർ ആക്കുന്നത് എന്ന പ്രത്യേകത കൂടെ ഈ കിരീട നേട്ടത്തിന് ഉണ്ട്.