കോപ്പ ഇറ്റാലിയയിൽ സെമി ഫൈനലിലേക്ക് മുന്നേറി യുവന്റസ്. ക്വാർട്ടർ ഫൈനലിൽ സസുവോളോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ആണ് യുവന്റസ് സെമിയിൽ എത്തിയത്. മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ യുവന്റസ് മുന്നിലെത്തി. മക്കെന്നിയുടെ ഷോട്ട് സസുവോളോ പ്രതിരോധം ബ്ലോക്ക് ചെയ്തെങ്കിലും പന്ത് ലഭിച്ച പാബ്ലോ ഡിബാല ലക്ഷ്യം കണ്ടു അവരെ മുന്നിലെത്തിച്ചു. എന്നാൽ 24 മത്തെ മിനിറ്റിൽ തന്റെ മികച്ച ഇരു ഗോളിലൂടെ ഹമദ് ട്രയോരെ സസുവോളോയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ നേരിയ ആധിപത്യം കാണിച്ച സസുവോളോ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും പിന്നിൽ ആയിരുന്നില്ല. സമനിലയിലേക്ക് നീങ്ങുക ആണെന്ന് തോന്നിയ മത്സരത്തിൽ 88 മത്തെ മിനിറ്റിൽ യുവന്റസിന്റെ വിജയ ഗോൾ പിറന്നു. ജനുവരിയിൽ ടീമിൽ എത്തിയ വ്ലാഹോവിച് ആദ്യ മത്സരത്തിൽ എന്ന പോലെ ഇന്നും തന്റെ മികവ് തുടർന്നു. ഡിബാലയിൽ നിന്നു ലഭിച്ച പന്തിൽ നിന്നു അവസരം ഉണ്ടാക്കിയെടുത്ത വ്ലാഹോവിച് ഉതിർത്ത ഷോട്ട് റുവാൻ ട്രാസോൽദിയുടെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. സെൽഫ് ഗോൾ ആയിട്ട് ആണ് ഗോൾ അനുവദിക്കപ്പെട്ടത്. സെമിയിൽ വ്ലാഹോവിച്ചിന്റെ പഴയ ക്ലബ് ഫിയറന്റീന ആണ് യുവന്റസിന്റെ എതിരാളികൾ. ഇത്തവണ ലീഗിൽ കിരീട സാധ്യത ഇല്ലാത്ത യുവന്റസ് കപ്പിൽ ജയം നേടാൻ ആവും ശ്രമിക്കുക.