ഇന്ന് ഇറ്റലിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തി കൊണ്ട് യുവന്റസ് അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ കാത്തു. ഇന്ന് അവസാന നിമിഷത്തിലെ പെനാൾട്ടി ഗോളിൽ ആണ് യുവന്റസ് 3-2ന്റെ വിജയം ഉറപ്പിച്ചത്. രണ്ട് ചുവപ്പ് കാർഡും മൂന്ന് പെനാൾട്ടിയും ഒരു ഓൺ ഗോളും ഒക്കെ നിറഞ്ഞ മത്സരമായിരുന്നു ഇന്നത്തേത്. മത്സരത്തിന്റെ 23ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് യുവന്റസിന്റെ ആദ്യ ഗോൾ വന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത പെനാൾട്ടി ഹാൻഡനോവിച് സേവ് ചെയ്തു എങ്കിലും റീബൗണ്ടിലൂടെ റൊണാൾഡോ പന്ത് വലയിൽ എത്തിച്ചു. ഇന്റർ സമനില നേടിയതും പെനാൾട്ടിയിൽ നിന്നായിരുന്നു. 34ആം മിനുട്ടുൽ ലുകാകു ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് കൊഡ്രാഡോയിലൂടെ യുവന്റസ് ലീഡ് തിരികെയെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെന്റക്കുർ ചുവപ്പ് കണ്ട് പുറത്തു പോയത് യുവന്റസിനെ പ്രതിരോധത്തിലാക്കി. 83ആം മിനുട്ടിൽ യുവന്റസ് ക്യാപ്റ്റൻ കിയെലിനി സെൽഫ് ഗോൾ വഴങ്ങിയതോടെ ഇന്റർ സമനില പിടിച്ചു. 88ആം മിനുട്ടിൽ വീണ്ടും ഒരു പെനാൾട്ടി യുവന്റസിന് അനുകൂലമായി വന്നതോടെ അവർക്ക് വിജയം ഉറപ്പിക്കാൻ ആയി. റൊണാൾഡോ സബ്ബായി പോയതിനായി കൊഡ്രാഡോ ആണ് യുവന്റസിന്റെ രണ്ടാം പെനാൾട്ടി എടുത്ത് ലക്ഷ്യത്തിൽ എത്തിച്ചത്. അവസാനം ഇന്റർ താരം ബ്രൊസൊവിച് ചുവപ്പ് കണ്ട് പുറത്തായി.
ഈ വിജയത്തോടെ യുവന്റസ് 75 പോയിന്റിൽ എത്തി. ഇപ്പോൾ മൂന്നാമതാണ് യുവന്റസ് ഉള്ളത് എങ്കിലും യുവന്റസിന് പിറകിൽ ഉള്ള നാപോളിയും മിലാനും ഒരു മത്സരം കുറവാണ് കളിച്ചത്.