ഇറ്റാലിയൻ ലീഗ് കിരീടം തുടർച്ചയായ ഒമ്പതാം തവണയും യുവന്റസ് തന്നെ ഉയർത്തി. ഇത്തവണയും അനയാസമായി തന്നെ ഇറ്റലിയിലെ രാജാക്കന്മാരാവാൻ യുവന്റസിനായി. ഇന്നലെ സാമ്പ്ഡോറിയക്ക് എതിരായ വിജയത്തോടെയാണ് യുവന്റസ് ലീഗ് കിരീടം ഉറപ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു യുവന്റസിന്റെ ഇന്നത്തെ വിജയം. ആദ്യ പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് യുവന്റസിന് ലീഡ് നൽകിയത്. പ്യാനിചിന്റെ പാസിൽ നിന്ന് ആയിരുന്നു റൊണാൾഡോ ഗോൾ. രണ്ടാം പകുതിയിൽ വെർണഡസ്കി മൂന്ന് പോയിന്റ് ഉറപ്പിച്ച രണ്ടാം ഗോളും നേടി.
സീസണിൽ ഇനിയും 2 മത്സരങ്ങൾ ബാക്കി നിൽക്കെയാണ് യുവന്റസ് കിരീടത്തിൽ മുത്തമിട്ടത്. വർഷങ്ങളായി ഇറ്റാലിയൻ ഫുട്ബോളിൽ വലിയ ആധിപത്യം തന്നെയുള്ള യുവന്റസ് ഇത്തവണ കാര്യമായ സമ്മർദ്ദങ്ങളും ഇല്ലായെതാണ് കിരീടം നേടിയത് ലാസിയോയും ഇന്ററും സീസൺ രണ്ടാം പകുതിയിൽ നിറം മങ്ങിയത് യുവന്റസ് കാര്യങ്ങൾ എളുപ്പമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ടാം സീരി എ കിരീടമാണിത്. പരിശീലകൻ സാരിയുടെ കരിയറിലെ ആദ്യത്തെ ലീഗ് കിരീടവും.
ഈ ജയത്തോടെ 36 മത്സരങ്ങളിൽ ഇപ്പോൾ യുവന്റസിന് 83 പോയന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ററിന് 36 മത്സരങ്ങളിൽ നിന്ന് 76പോയന്റും. ഇന്റർ ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും യുവന്റസിനെ മറികടക്കാൻ ആകില്ല.
യുവന്റസിന്റെ 36ആം ലീഗ് കിരീടമാണിത്. യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ലീഗ് കിരീടം ഉയർത്തിയ ക്ലബാണ് യുവന്റസ്. 18 കിരീടങ്ങൾ വീതമുള്ള മിലാൻ ക്ലബുകൾ ആണ് യുവന്റസിന് പിറകിൽ ഇറ്റലിയിൽ ഉള്ളത്.