ജസ്റ്റിൻ ജോസ് ഒരിക്കൽ കൂടെ മലയാളികൾക്കും ഇന്ത്യക്കും അഭിമാനമായിരിക്കുകയാണ്. തൃശ്ശൂർ മാള സ്വദേശിയായ ജസ്റ്റിൻ പരിശീലിപ്പിക്കൻ ഇംഗ്ലീഷ് വനിതാ ക്ലബായ സട്ടൺ യുണൈറ്റഡ് തുടർച്ചയായ രണ്ടാം സീസണിൽ ലീഗ് കിരീടം നേടിയിരിക്കുകയാണ്.
ഇംഗ്ലണ്ടിൽ സൗത്ത് ഡിവിഷൻ വനിതാ ലീഗിൽ ആണ് സട്ടൺ യുണൈറ്റഡ് ഇന്ന് കിരീടം ഉയർത്തിയത്. കഴിഞ്ഞ സീസണിലും ജസ്റ്റിൻ ജോസിന് കീഴിൽ സട്ടൺ കിരീടം നേടിയിരുന്നു. ആയിരുന്നു. ഇന്ന് ഫീനിക്സ് എഫ് സിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് തോൽപ്പിച്ചാണ് സട്ടൺ കിരീടം ഉറപ്പിച്ചത്. ലീഗിൽ ഇനിയും ഒരു മത്സരം ശേഷിക്കെ ആണ് കിരീട നേട്ടം. സട്ടൺ വനിതകളുടെ മുഖ്യ പരിശീലകനാണ് തൃശ്ശൂർ മാളക്കാരനായ ജസ്റ്റിൻ ജോസ്.
മുമ്പ് കേരളത്തിൽ സെവൻസ് ഫുട്ബോൾ കളിച്ചും വിഷൻ ഇന്ത്യയിൽ പരിശീനത്തിന്റെ ആദ്യ പാഠം പഠിച്ചും നടന്ന ജസ്റ്റിൻ ജോസ് ആണ് തുടർച്ചയായ രണ്ടാം വർഷവും മലയാളത്തിന്റെ അഭിമാനമായിരിക്കുന്നത്. 2017 ജൂണിലാണ് സട്ടൺ യുണൈറ്റഡിന്റെ മുഖ്യ പരിശീലകന്റെ വേഷം ജസ്റ്റിൻ ജോസിൽ എത്തുന്നത്. മുമ്പ് ആഴ്സണലിന്റെ അണ്ടർ 10, അണ്ടർ 8 ടീമുകളുടെ കോച്ചായിട്ടുള്ള കോച്ചാണ് ജസ്റ്റിൻ. റൊഹാമ്പ്ടൺ യൂണിവേഴ്സിറ്റി പരിശീലകന്റെ വേഷം ഉപേക്ഷിച്ചാണ് സട്ടൺ വനിതകൾക്കൊപ്പം എത്തിയത്. ഡുങ്കൺ മുള്ളർ മാനേജറായ സട്ടൺ യുണൈറ്റഡിന്റെ ഹെഡ് കോച്ച് ജസ്റ്റിനാണ്.
കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിൽ ഒരു ലീഗ് കിരീടം നേടുന്ന മലയാളി പരിശീലകനായി ജസ്റ്റിൻ മാറിയിരുന്നു. തൃശ്ശൂരുകാരായ ഇ കെ ജോസിന്റെയും മാരി ജോസിന്റെയും മകനാണ് ജസ്റ്റിൻ. ഏറോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞാണ് ഫുട്ബോൾ പരിശീലനത്തിലേക്ക് ജസ്റ്റിൻ ഇറങ്ങിയത്. തോമസ് കോച്ചിനൊപ്പം കല്ലേറ്റുംകരയിൽ വിഷൻ ഇന്ത്യയിലൂടെയാണ് ജസ്റ്റിൻ തന്റെ പരിശീലന കരിയർ ആരംഭിച്ചത്. സെപ്റ്റിലും മുമ്പ് ജസ്റ്റിന് പ്രവർത്തിച്ചിട്ടുണ്ട്. ആഴ്സണലിന്റെ മികച്ച ആരാധകനായ ജസ്റ്റിൻ ലണ്ടണിൽ എത്തി ആഴ്സണൽ ഡെവലപ്മെന്റ് ടീമുകളുടെയും, ടൂട്ടിങ് മിച്ചിങ് യുണൈറ്റഡിന്റെ അണ്ടർ 14 ടീമിനെയും പരിശീലിപ്പിച്ചുണ്ട്. ആഴ്സണലിൽ ഉള്ളപ്പോൾ ആഴ്സണൽ ഇതിഹാസം ടോണി ആഡംസിന്റെ കയ്യിൽ നിന്ന് കമ്മ്യൂണിറ്റി കോച്ച് ഓഫ് ദി ഇയർ അവാർഡും ജസ്റ്റിൻ സ്വന്തമാക്കി.