ഇന്നലെ റോമയ്ക്കായി താൻ നേടിയ ആദ്യ ഗോൾ ജസ്റ്റിൻ ക്ലുയിവേർട് എന്ന 19കാരൻ സമർപ്പിച്ചത് തന്റെ സുഹൃത്തായ അബ്ദൽഹക് നൗരിക്കായിരുന്നു. ഗോൾ നേടിയ ശേഷം നൗരിയുടെ പേരുള്ള ജേഴ്സി ഉയർത്തി പിടിച്ചാണ് ക്ലുയിവേർട് ഗോൾ ആഘോഷിച്ചത്. അയാക്സിന്റെ യുവതാരമായിരുന്ന അബ്ദൽഹക് നൗരി ഒരു സീസണു മുമ്പ് പ്രീ സീസൺ മത്സരത്തിൽ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണ്. മാസങ്ങളോളം കോമയിൽ ആയിരുന്നു നൗരി അടുത്തിടെ ആണ് കോമയിൽ നിന്ന് പുറത്ത് വന്നത് .
മസ്തിഷ്കത്തിനേറ്റ പരിക്കും ഇതിനൊപ്പം ഉണ്ടായ ഹൃദയാഘാതവും താരത്തിന്റെ ആരോഗ്യനില പൂർണ്ണമായും തകർക്കുകയായിരുന്നു. തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിടപറയേണ്ടിയും വന്നിരുന്നു നൗരിക്ക്. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.
അയാക്സിൽ ഒരുമിച്ച് കളിച്ചവരായിരുന്നു ജസ്റ്റിനും നൗരിയും. റോമയിൽ എത്തിയപ്പോൾ നൗരിയുടെ ജേഴ്സി നമ്പറായ 34ആം നമ്പർ ആയിരുന്നു ക്ലുയിവേർട് തിരഞ്ഞെടുത്തത്. ഇന്നലെ പ്ലസാനെതിരെ ക്ലുയിവേർട് നേടിയ ഗോൾ താരത്തെ റോമയുടെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമാക്കി മാറ്റി.