സെവിയ്യയുടെ പ്രതിരോധ താരം ജൂൾസ് കുണ്ടെക്ക് വേണ്ടി വീണ്ടും ഓഫറുമായി ചെൽസി സെവിയ്യയുടെ മുൻപിൽ. കുളിബാലിയേ എത്തിച്ചെങ്കിലും ഫ്രഞ്ച് താരത്തെ എത്തിക്കുന്നതും മുഖ്യ പരിഗണനയായിട്ടാണ് ചെൽസി കാണുന്നത്. സെവിയ്യക്ക് 55 മില്യൺ യൂറോയുടെ കൈമാറ്റ തുകയും താരത്തിന് അഞ്ച് വർഷത്തെ കരാറും ആണ് ചെൽസി വാഗ്ദാനം ചെയ്യുന്നത്. സെവിയ്യ ഉടനെ തന്നെ ഈ ഓഫർ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് ചെൽസി.
അതേ സമയം താരത്തിന് പിറകെ ഉണ്ടായിരുന്ന ബാഴ്‌സക്ക് ഇതുവരെ സെവിയ്യക്ക് മുന്നിൽ ഔദ്യോഗിക ഓഫർ വെച്ചിട്ടില്ല. ടീമിന്റെ വരുമാനം വർധിപ്പിക്കാനുള്ള പുതിയ നടപടികൾ ബാഴ്‌സ എടുത്തിട്ടുണ്ടെങ്കിലും ചെൽസി താരത്തിന് നൽകുന്ന സാലറി ഒരിക്കലും തങ്ങൾക്ക് നൽകാൻ സാധിക്കില്ല എന്നത് ബാഴ്‌സ തിരിച്ചറിയുന്നുണ്ട്. പക്ഷെ താരത്തിന് ക്യാമ്പ്ന്യൂവിൽ എത്താൻ ആഗ്രഹമുണ്ട് എന്നായിരുന്നു ഇതുവരെയുള്ള സൂചനകൾ. ചെൽസിയുമായും ബാഴ്‌സയുമായും ഒരേ സമയം ചർച്ച നടത്തി വരികയായിരുന്നു കുണ്ടേ.
ബാഴ്‌സ ഉടനെ തങ്ങളുടെ ഓഫർ സമർപ്പിച്ചില്ലെങ്കിൽ ചെൽസിയുടെ പുതിയ ഓഫർ അംഗീകരിക്കുകയാവും സെവിയ്യക്ക് മുന്നിലുള്ള വഴി. പ്രീസീസൺ പരിശീലനം ആരഭിച്ചിരിക്കെ ഇനിയും കാര്യങ്ങൾ വൈകിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാവില്ല. അതേ സമയം കൂടു മാറുന്ന താരങ്ങളെ പരിശീലനത്തിൽ നിന്നും മാറി നിൽക്കാൻ അനുവദിക്കുന്ന കീഴ്‌വഴക്കം മാറ്റി കൊണ്ട് ജൂൾസ് കുണ്ടേ പരിശീലനത്തിനായി പോർച്ചുഗലിലേക്ക് തിരിച്ച സെവിയ്യ ടീമിന്റെ കൂടെയാണ് ഉള്ളത്.