വെറും 23 മത്തെ വയസ്സിൽ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന, മറ്റ് പല താരങ്ങൾക്കും സ്വപ്നം മാത്രം കാണാവുന്ന നേട്ടങ്ങൾ ആണ് യൂലിയൻ അൽവാരസ് എന്ന മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനൻ മുന്നേറ്റനിര താരത്തെ തേടിയെത്തിയത്. ഒരു സീസണിൽ ലോകകപ്പ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്ന പത്താമത്തെ മാത്രം താരമായ അൽവാരസ് ഒരു സീസണിൽ ട്രബിളും ലോകകപ്പും നേടുന്ന ആദ്യ താരമായും മാറി. 23 കാരൻ ഇത് വരെ നേടിയ കിരീട നേട്ടങ്ങൾ ആർക്കും അസൂയ സമ്മാനിക്കുന്നവ ആണ്.
അർജന്റീനൻ ക്ലബ് റിവർ പ്ലേറ്റിൽ അർജന്റീനൻ ലീഗ്, കോപ്പ അർജന്റീന, സൂപ്പർ കോപ്പ അർജന്റീന എന്നിവ നേടിയ താരം. റിവർ പ്ലേറ്റിനു ഒപ്പം ലാറ്റിൻ അമേരിക്കൻ കിരീടം ആയ കോപ്പ ലിബർട്ടറോറസ്, ട്രോഫെയോ ഡെ കാമ്പനോനസ്, റീകോപ്പ സുണ്ടമേരിക്കാന എന്നീ കിരീടങ്ങൾ നേടിയതിന് ശേഷമാണ് യൂറോപ്പിൽ എത്തുന്നത്. തുടർന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്,എഫ്.എ കപ്പ് നേട്ടങ്ങളിൽ താരം പങ്കാളിയായി. ഹാളണ്ടിന്റെ പകരക്കാരന്റെ റോൾ ആയിരുന്നു അൽവാരസിന് സിറ്റിയിൽ.
എങ്കിലും സിറ്റിക്ക് ആയി അവസരം കിട്ടുമ്പോൾ ഗോളുകൾ കണ്ടത്തിയ താരത്തിന്റെ സിറ്റിയിലെ ആദ്യ സീസൺ ഹാളണ്ടിന്റെ അവിശ്വസനീയ സീസൺ മുന്നിൽ ഉള്ളത് കൊണ്ട് മാത്രമാണ് ഏറെ പ്രശംസകൾ നേടാത്തത്. പലപ്പോഴും പകരക്കാരനായി മാറിയ അൽവാരസ് സീസണിൽ 17 ഗോളുകൾ ആണ് നേടിയത് പ്രീമിയർ ലീഗിൽ 9 ഗോളുകളും താരം നേടി. ഇതിനു പുറമെ അർജന്റീനക്ക് ഒപ്പം കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങൾ ഉയർത്തിയ അൽവാരസ് കഴിഞ്ഞ ലോകകപ്പ് കിരീടം അർജന്റീനക്ക് നേടി കൊടുക്കുന്നതിൽ നാലു ഗോളുകൾ നേടി നിർണായക പങ്കും വഹിച്ചു. വെറും 23 മത്തെ വയസ്സിൽ യൂലിയൻ അൽവാരസ് എന്ന അർജന്റീനൻ ഭാഗ്യ നക്ഷത്രം ഫുട്‌ബോൾ പൂർണമാക്കി എന്നു തന്നെ പറയേണ്ടി വരും.