കഴിഞ്ഞ ദിവസം ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചു ഒരു വാർത്ത പത്രങ്ങളിൽ വന്നു, ജേർണലിസ്റ്റ് ബോറിയ മജൂംദാറിനെ ബാൻ രണ്ടു വർഷത്തേക്ക് ബാൻ ചെയ്യാൻ പോകുന്നു. ഔദ്യാഗിക വിശദീകരണം വന്നിട്ടില്ല, പക്ഷെ ബിസിസിഐ നിയമിച്ച അന്വേഷണ കമ്മിറ്റി ബോറിയയെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി എന്നായിരുന്നു വാർത്ത.
രണ്ടു മാസം മുൻപ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ആയിരുന്ന വൃദ്ധിമാൻ സഹ ചെയ്ത ഒരു കൂട്ടം ട്വീറ്റുകളാണ് തുടക്കം. തന്നെ ഒരു സീനിയർ സ്പോർട്സ് ജേർണലിസ്റ്റ് ഭീഷണിപ്പെടുത്തി എന്നും, ഇത്രയും നാൾ രാജ്യത്തിന് വേണ്ടി കളിച്ച താൻ ഇത് അർഹിക്കുന്നുണ്ടോ എന്നായിരുന്നു സാഹയുടെ ചോദ്യം. ജേർണലിസ്റ്റ് അയച്ചെന്ന് പറയപ്പെടുന്ന മെസ്സേജുകളുടെ സ്ക്രീൻ ഷോട്ടും സാഹ ഷെയർ ചെയ്തിരുന്നു.
അത് പ്രകാരം, തനിക്കു ഇന്റർവ്യൂ തരാത്ത നിന്നെ ഞാൻ ഓർത്തു വയ്ക്കുമെന്നും, ഇത് നിന്റെ നല്ലതിനല്ലെന്നും അയാൾ ഭീഷണിപ്പെടുത്തിയെന്നും പേര് വെളിപ്പെടുത്താതെ സാഹ പറഞ്ഞു. പക്ഷെ ടെക്സ്റ്റ് മെസ്സേജിന്റെ സ്പെല്ലിങ്ങുകളും മറ്റും വച്ച് പലരും അത് ബോറിയ തന്നെ എന്ന് ഉറപ്പിച്ചിരുന്നു.
സാഹയെ പിന്തുണച്ചു പ്രമുഖ കളിക്കാരും, കളിക്കാരുടെ സംഘടനയും വന്നതോടെ ബിസിസിഐ ഒരു അന്വേഷണ കമ്മിറ്റിയെ വച്ച്. കമ്മിറ്റി മുൻപാകെ സാഹ ബോറിയയുടെ പേര് വെളിപ്പെടുത്തി. ബോറിയ സ്വയം ഒരു വീഡിയോ വഴി സമൂഹ മധ്യത്തിൽ കുറ്റം മുഴുവൻ സാഹയുടെ തലയിൽ ചാർത്താനും ശ്രമം നടത്തി. അവസാനം കിട്ടുന്ന വർത്തയനുസരിച്ചു, ബോറിയയെ കളിക്കളങ്ങളിൽ നിന്നും കളിക്കാരിൽ നിന്നും രണ്ടു വർഷത്തേക്ക് ബാൻ ചെയ്യുമെന്ന് കേൾക്കുന്നു.
ഇന്ത്യയുടെ സ്പോർട്സ് ജേർണലിസ്റ്റുകളുടെ നീണ്ട നിരയിൽ ഒരിക്കലും ആദ്യത്തെ പകുതിയിൽ എവിടെയും വരാൻ സാധ്യതയില്ലാത്ത ഒരു ജേര്ണലിസ്റ്റാണ് ബോറിയ എന്ന് ആദ്യമേ പറയേണ്ടി വരും. മൾട്ടി മീഡിയ സ്പോർട്സ് ജേർണലിസം ആദ്യമേ മനസ്സിലാക്കി എന്നത് മാത്രമാണ് ബോറിയയുടെ അഡ്വാന്റേജ്. പ്രധാനമായും ക്രിക്കറ്റ് കാലികളെയും, അതിലേറെ കളിക്കാരെയും റിപ്പോർട്ട് ചെയ്ത് പ്രശസ്തി നേടിയ ഒരാൾ. കളിയുടെ വിശകലനത്തെക്കാൾ, കളിക്കാരുടെ കഥകൾ എഴുതിയാണ് ബോറിയ വലുതായതു. ജേർണലിസത്തിന്റെ അർഥം തന്നെ മാറിയ ഈ കാലഘട്ടത്തിൽ എഴുത്തിനേക്കാൾ സ്ക്രീൻ പ്രെസെൻസിനു പ്രാധാന്യം ഉണ്ടെന്നു മനസ്സിലാക്കി പെരുമാറി ബോറിയ മുന്നേറി.
ഇത് വഴി താൻ കളിയെക്കാളും, കളിക്കാരേക്കാളും വലുതാണ് എന്ന് തെറ്റിദ്ധരിച്ചതാണ് ഇപ്പോൾ നടന്ന സംഭവങ്ങൾക്ക് ആധാരം. ബോറിയക്കെതിരെ നടപടി എടുക്കും എന്ന് പറയുന്ന ബിസിസിഐയും ഒരു പരിധി വരെ ഇതിൽ കക്ഷിയാണ്. കളിക്കാർക്ക് കൊടുക്കേണ്ട ബഹുമാനം അവർക്കും കൊടുക്കാൻ മടിയാണല്ലോ.
ഇനിയെങ്കിലും യഥാർത്ഥ ജേർണലിസ്റ്റുകളെ തിരിച്ചറിഞ്ഞു കളി അറിയാവുന്നവരെ മനസ്സിലാക്കി അവരുടെ എഴുത്തിനു പ്രാധാന്യം കൊടുക്കുക. ഇത്തരം പുഴുക്കുത്തുകളെ തിരിച്ചറിഞ്ഞു പുറത്തു കളയുക. സാഹയെ പോലെ ഇത്രയും സീനിയർ ആയ ഒരു കളിക്കാരനാണ് ഇത് നേരിടേണ്ടി വന്നത്, അപ്പോൾ പുതിയ കളിക്കാർ ഇത്തരം ഫ്രോഡുകളിൽ നിന്ന് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഒന്ന് ഓർത്തു നോക്കുക.