ഈ സീസണിലെ ഏറ്റവും മികച്ച സൈനിംഗ് ഏതാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ജോട്ടയാണ്. ലിവർപൂളിന് വേണ്ടി പോർച്ചുഗീസ് താരം ജോട്ട അത്തരം പ്രകടനങ്ങളാണ് നടത്തുന്നത്. ഇന്ന് ലിവർപൂൾ ഇറ്റലിയിൽ ചെന്ന് അറ്റലാന്റയെ നേരിട്ടപ്പോൾ താരമായി മാറിയതും ജോട്ട തന്നെ. ജോട്ടയുടെ ഹാട്രിക്കിന്റെ മികവിൽ അറ്റലാന്റയെ തകർത്ത് എറിയാൻ ലിവർപൂളിന് ഇന്നായി. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം.
രണ്ട് അറ്റാക്കിംഗ് ടീമുകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരുപാട് ഗോളുകൾ പിറക്കും എന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു എങ്കിലും അത് എല്ലാം ഒരു വലയിലേക്ക് മാത്രമായിരിക്കും എന്ന് ആരും കരുതിയില്ല. തുടക്കം മുതൽ ലിവർപൂളിന്റെ ആക്രമണം ആണ് കാണാൻ കഴിഞ്ഞത്. ഫർമീനോയ്ക്ക് പകരം ആദ്യ ഇലവനിൽ തന്നെ എത്തിയ ജോട്ട തന്നെ ലിവർപൂളിന് ആദ്യം ലീഡും നൽകി.
16ആം മിനുട്ടിൽ ആയിരുന്നു ജോട്ടയുടെ ആദ്യ ഗോൾ. ഒരു ചിപ് ഫിനിഷിലൂടെ ആയിരുന്നു ആസ്യ ഗോൾ. 33ആം മിനുട്ടിൽ ഗോമസിന്റെ പാസ് ഒരു മനോഹര ടച്ചിലൂടെ സ്വീകരിച്ച് അതിലും മനോഹര ഷോട്ടിലൂടെ വലയിൽ എത്തിച്ച് ജോട്ട ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി. 54ആം മിനുട്ടിൽ ആണ് ജോട്ടയുടെ ഹാട്രിക്ക് പിറന്നത്. കഴിഞ്ഞ സീസണിൽ വോൾവ്സിനായി യൂറോപ്പ ലീഗിൽ ജോട്ട രണ്ട് ഹാട്രിക്കുകൾ നേടിയിരുന്നു. ലിവർപൂളിൽ എത്തിയ ജോട്ട ഇതിനകം നാലു മത്സരങ്ങളിൽ നിന്ന് ആറു ഗോളുകൾ നേടിക്കഴിഞ്ഞു.
മാനെയും സലായും ആണ് ലിവർപൂളിന്റെ ബാക്കി രണ്ട് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ഒമ്പതു പോയിന്റുമായി ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. നാലു പോയിന്റുള്ള അറ്റലാന്റ മൂന്നാം സ്ഥാനത്താണ് ഉള്ളത്.