പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ ഇനി ഇറ്റാലിയൻ ക്ലബായ റോമയെ പരിശീലിപ്പിക്കും. അടുത്ത സീസൺ ആരംഭം മുതൽ ആകും ജോസെ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. റോമയുടെ ഇപ്പോഴത്തെ പരിശീലകനായ ഫൊൻസെക ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് റോമ നേരത്തെ അറിയിച്ചിരുന്നു. അവസാന കുറച്ചു സീസണുകളായി അത്ര നല്ല പ്രകടനങ്ങൾ നടത്താത്ത റോമയ്ക്ക് ജോസെയുടെ വരവ് പ്രതീക്ഷ നൽകും.
സ്പർസിൽ നിന്ന് അടുത്തിടെ ആയിരുന്നു ജോസെയെ പുറത്താക്കിയത്. മൗറീനോ സ്പർസിൽ ഒഴികെ മുമ്പ് പ്രവർത്തിച്ച എല്ലാ ക്ലബുകളിലും കിരീടം നേടിയിട്ടുണ്ട്. റോമയിലും അത് ആവർത്തിക്കും എന്ന് ക്ലബ് കരുതുന്നു. ജോസെയ്ക്ക് വേണ്ടി വലിയ ട്രാൻസ്ഫറുകൾ നടത്താൻ റോമയുടെ പുതിയ ഉടമകൾ തയ്യാറാണ്. അവസാനമായി ഇറ്റലിയിൽ ഇന്റർ മിലാനെ ആയിരുന്നു ജോസെ പരിശീലിപ്പിച്ചത്. ഇന്റർ മിലാനൊപ്പം ട്രെബിൾ നേടാൻ അദ്ദേഹത്തിനായിരുന്നു.
മുമ്പ് ജോസെ പരിശീലിപ്പിച്ച മിഖിതാര്യൻ, സ്മാളിംഗ് എന്നിവർ റോമയിൽ ഉണ്ട്. ഇപ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കും പുറത്തുള്ള റോമയെ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ തിരികെ എത്തിക്കുക ആകും ജോസെയുടെ ആദ്യ ലക്ഷ്യം.