ഇങ്ങ് കേരളത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആയ അതേ ആശ്വാസ വാർത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെയും തേടി എത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ജോസെ മൗറീനോ ക്ലബ് വിട്ടു. മോശം ഫോമാൽ തപ്പിതടയുന്ന യുണൈറ്റഡ് ജോസെയെ പുറത്താക്കിയതായി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് കൂടെ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഇടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
മൂന്ന് വർഷമായി യുണൈറ്റഡിന്റെ ചുമതലയിൽ ഉള്ള മൗറീനോയുടെ എറ്റവും മോശം സീസണായിരുന്നു ഇത്. 18 മത്സരങ്ങൾ കഴിഞ്ഞപ്പോഴും ആദ്യ അഞ്ചിൽ പോലും എത്താൻ യുണൈറ്റഡിനായിട്ടില്ല. പ്രീമിയർ ലീഗിൽ ഗോൾ ഡിഫറൻസ് ഇപ്പോഴും പൂജ്യമായ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് കടന്നു പോകുന്നത്. മൗറീനോ താരങ്ങളുമായി ഉടക്കിയതും അദ്ദേഹത്തെ പുറത്താക്കാൻ കാരണമാണ്.
പോൾ പോഗ്ബയെ ഒക്കെ സ്ഥിരം ബെഞ്ചിൽ ഇരുത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നിരാശ സമ്മാനിച്ചിരുന്നു. മൂന്ന് സീസണിൽ മൗറീനോയ്ക്ക് അഭിമാനിക്കാൻ ഉള്ളത് ഒരു യൂറോപ്പ ലീഗ് കിരീടവും ഒരു ലീഗ് കപ്പ് കിരീടവും മാത്രമാണ്.