ജോസ് ഈസ് ബാക്ക്, ശതകവുമായി വമ്പന്‍ തിരിച്ചുവരവ് നടത്തി ബട്‍ലര്‍

Sports Correspondent

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. ഇന്ന് ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സാണ് നേടിയത്.

രണ്ടാം വിക്കറ്റില്‍ ജോസ് ബട്‍ലറും സഞ്ജു സാംസണും ചേര്‍ന്നുള്ള ബാറ്റിംഗ് കൂട്ടുകെട്ടാണ് ശക്തമായ അടിത്തറ രാജസ്ഥാന് നല്‍കിയത്. 150 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 17ാം ഓവറില്‍ 33 പന്തില്‍ 48 റണ്‍സ് നേടിയ സഞ്ജു പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. വിജയ് ശങ്കറിന്റെ ഓവറില്‍ അബ്ദുള്‍ സമദ് ബൗണ്ടറിയില്‍ മികച്ച ക്യാച്ചിലൂടെയാണ് സഞ്ജുവിനെ പുറത്താക്കിയത്.

സഞ്ജു പുറത്തായ ശേഷം തന്റെ ശതകം തികച്ച ജോസ് ബട‍്ലര്‍ അടി തുടര്‍ന്നപ്പോള്‍ രാജസ്ഥാന്‍ 200 കടക്കുകയായിരുന്നു. 64 പന്തില്‍ 124 റണ്‍സ് നേടിയ ജോസ് ബട്‍ലര്‍ 19ാം ഓവറിന്റെ അവസാന പന്തിലാണ് പുറത്തായത്. ബട്‍ലര്‍ റിയാന്‍ പരാഗിനൊപ്പം 42 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയിരുന്നു.