ഇറ്റാലിയൻ സൂപ്പർ സ്റ്റാർ ജോർഗീഞ്ഞോ ബാലൻ ഡി ഓർ അർഹിക്കുന്നുവെന്ന് ചെൽസിയുടെ പരിശീലകൻ തോമസ് ടൂഹൽ. വ്യക്തഗതമായ നേട്ടങ്ങളിൽ വിശ്വാസമില്ലെങ്കിലും ഈ വർഷം ബാലൻ ഡി ഓർ നേടാൻ എന്തുകൊണ്ടും യോഗ്യൻ ജോർഗീഞ്ഞോ ആണെന്ന് ടൂഹൽ കൂട്ടിച്ചേർത്തു. വളരെ ഇന്റലിജന്റായ താരമാണ് ജോർഗീഞ്ഞോ, അദ്ദേഹത്തെ പരിശീലിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ടൂഹൽ പറഞ്ഞു. ചെൽസിക്ക് ഒപ്പം ചാമ്പ്യൻസ് ലീഗും ഇറ്റലിക്ക് ഒപ്പം യൂറോ കപ്പും നേടിയ ജോർഗീഞ്ഞോ അടുത്ത ബാലൻ ഡി ഓറിനായി പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ പ്രമുഖനാണ്.
കിരീടങ്ങളുടെ എണ്ണമെടുത്താൽ തന്നെ വെല്ലാൻ ആരുമില്ല എന്ന് ജോർഗീഞ്ഞോ പറയുകയും ചെയ്തിരുന്നു. ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചിരുന്നു. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി എന്നീ പ്രമുഖരും 30 പേരടങ്ങിയ ലിസ്റ്റിലുണ്ട്. റൊണാൾഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കാണുന്നില്ല എങ്കിലും മെസ്സിയും ലെവൻഡോസ്കിയും സാധ്യതയിൽ മുന്നിൽ തന്നെ ഉണ്ട്.