ഏഷ്യാ കപ്പിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ ജോബി ജസ്റ്റിൻ കൂടെ ഉണ്ടാകണമായിരുന്നു എന്ന് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ. ദേശീയ മാധ്യമമായ ഗോളിന് നൽകിയ അഭിമുഖത്തിലാണ് ജോബി ജസ്റ്റിന്റെ ഏഷ്യാ കപ്പിലെ അഭാവത്തെ കിറിച്ച് ഐ എം വിജയൻ സംസാരിച്ചത്. ഈ സീസണിൽ ഗംഭീര ഫോമിലാണ് ജോബി ജസ്റ്റിൻ ഉള്ളത്. ഐലീഗിലെ ഇന്ത്യൻ ടോപ്പ് സ്കോറർ ആണ് ജോബി ഇപ്പോൾ.
2018-19 സീസൺ ഐലീഗിൽ ഇതുവരെ ഈസ്റ്റ് ബംഗാളിനായി ആറു ഗോളുകൾ നേടാൻ ജോബി ജസ്റ്റിന് ആയിട്ടുണ്ട്. ജോബിയുടെ സീനിയർ ടീമിലെ അഭാവം ഫുട്ബോൾ ലോകത്ത് വൻ ചർച്ചയാവുകയും ചെയ്തിരുന്നു. ജോബി ജസ്റ്റിൻ മികച്ച ഫോമിലാണ് കളിക്കുന്നത് എന്നും ദേശീയ ടീമിൽ എത്തേണ്ടതായിരുന്നു എന്നും ഐ എം വിജയൻ പറഞ്ഞു. പക്ഷെ ഈ തീരുമാനത്തിൽ കോൺസ്റ്റന്റൈനെ വിമർശിക്കാൻ അദ്ദേഹം തയ്യാറായില്ല.
ടീം തിരഞ്ഞെടുപ്പ് നല്ലതാണെന്നും യോഗ്യത റൗണ്ടിൽ കളിച്ച് ഇണക്കം വന്ന ടീമിനെയാണ് കോൺസ്റ്റന്റൈൻ എടുത്തത് എന്നും അതാണ് എല്ലാ പരിശീലകരും ചെയ്യുക എന്നും വിജയൻ പറഞ്ഞു. ജോബി ജസ്റ്റിൻ ഉടൻ തന്നെ ദേശീയ ക്യാമ്പിൽ എത്തും എന്നും ഐ എം വിജയൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.