അത്ലറ്റികോ മാഡ്രിഡിൽ നിന്നും ജാവോ ഫെലിക്‌സിനെ എത്തിക്കാനുള്ള ബാഴ്‌സയുടെ നീക്കം ഫലം കണ്ടു. താരം ഒരു സീസണിലേക്കുള്ള ലോണിൽ ലാ ലീഗ ചാംപ്യന്മാരുടെ അണിയിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കൈമാറ്റത്തിൽ ലോൺ ഫീ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ ലോൺ കാലവധിക്ക് ശേഷം താരത്തെ ബാഴ്‌സലോണ സ്വന്തമാക്കേണ്ടിയും വരില്ല. നേരത്തെ എട്ടു മില്യണോളം യൂറോ ലോൺ ഫീ ആയി അത്ലറ്റികോ അവശ്യപ്പെട്ടേക്കും എന്ന് സ്പാനിഷ് മാധ്യമങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അത്ലറ്റികോ ഇതിൽ ഇളവ് വരുത്തി. ഇതോടെ ആഴ്‌ചകൾ നീണ്ട താരത്തിന്റെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്. ബാഴ്‌സയിൽ എത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചത് മുതൽ കൈമാറ്റം പൂർത്തിയാക്കാൻ സമ്മർദ്ദം തുടരുകയായിരുന്നു ഫെലിക്‌സ്.
ഏജന്റ് ആയ മെന്റസിനോടൊപ്പം ട്രാൻസ്ഫർ വിൻഡോയുടെ അവസാന മണിക്കൂറുകളിൽ ബാഴ്‌സയിൽ എത്തി ബാക്കി നടപടികൾ പൂർത്തിയക്കുകയാണ് പോർച്ചുഗീസ് താരം. ജാവോ കാൻസലോയും മെഡിക്കൽ പരിശോധന അടക്കമുള്ള തുടർ നടപടികൾ പൂർത്തിയാക്കുന്നുണ്ട്. അതേ സമയം മുന്നേറ്റ താരം എസ് ആബ്ദെ ബെറ്റിസിലേക്ക് ചേക്കേറുമെന്ന് ഏകദേശം ഉറപ്പായി. എറിക് ഗർഷ്യക്ക് വേണ്ടി ജിറോണയുടെ നീക്കവും അവസാന ഘട്ടത്തിലാണ്. ലോൺ നീക്കത്തിന് മുന്നോടിയായി തന്റെ സാലറിയിൽ മാറ്റം വരുത്താൻ ജാവോ ഫെലിക്‌സ് അത്ലറ്റികോ മാഡ്രിഡിൽ പുതിയ കരാർ ഒപ്പിട്ടതായും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Download the Fanport app now!