ഈ വർഷം നടക്കുന്ന യൂറോ കപ്പിന് ശേഷം ജർമൻ പരിശീലക സ്ഥാനം ഒഴിയുമെന്ന് അറിയിച്ച് ജോക്കിം ലോ. 2022 ഖത്തർ ലോകകപ്പ് വരെയായിരുന്നു ലോക്ക് ജർമൻ ദേശീയ ടീമിന്റെ പരിശീലകനായി കരാർ ഉണ്ടായിരുന്നത്. എന്നാൽ യൂറോ കപ്പിന് ശേഷം സ്ഥാനം ഒഴിയാൻ ലോ തീരുമാനിക്കുകയായിരുന്നു. ഈ ആവശ്യം ജർമൻ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയും ചെയ്തു.
ജോക്കിം ലോക്ക് കീഴിലാണ് ജർമനി 2014ലെ ബ്രസീൽ ലോകകപ്പ് സ്വന്തമാക്കിയത്. ലോക്ക് കീഴിൽ ജർമനി 2008ലെ യൂറോ കപ്പ് റണ്ണേഴ്‌സ് അപ്പും ആയിരുന്നു. എന്നാൽ 2018ലെ ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ ജർമനി 2016ലെ യൂറോ കപ്പിൽ സെമി ഫൈനലിലും പുറത്തായിരുന്നു. 17 വർഷത്തോളം ജർമൻ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് ലോ ജർമൻ പരിശീലകൻ സ്ഥാനം ഒഴിയുന്നത്. 2006ലാണ് ജർമൻ പരിശീലകനായി ജോക്കിം ലോ ചുമതലയേൽക്കുന്നത്.