കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിന് മൂർച്ച കൂട്ടാൻ ജിതിൻ എം എസ് സീനിയർ ടീമിലേക്ക്

- Advertisement -

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്ന ജിതിൻ എം എസിനെ കേരള ബ്ലാസ്റ്റേഴ്സ് ലോണിൽ നിന്ന് തിരികെ വിളിച്ചു. ഈ സീസണിൽ ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലേക്ക് ലോണിൽ അയച്ചിരുന്ന താരത്തെ ലോണിന് പകുതിക്ക് വെച്ച് കേരള ബ്ലാസ്റ്റേഴ്സ് തിരിച്ച് വിളിക്കുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിലേക്ക് താരത്തെ ഉൾപ്പെടുത്താൻ വേണ്ടിയാണ് ഈ നീക്കം. കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്കിന് കരുത്ത് കൂട്ടാൻ ഇത് സഹായിക്കും.

കഴിഞ്ഞ ജൂണിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരം രണ്ടു മാസം മുമ്പാണ് ലോണടിസ്ഥാനത്തിൽ ഓസോണിലേക്ക് പോയത്. ബെംഗളൂരുവിൽ തകർപ്പൻ പ്രകടനമാണ് ജിതിൻ കാഴ്ചവെച്ചത്. അഞ്ചു മത്സരങ്ങൾ കളിച്ച ജിതിൻ നാലു ഗോളുകൾ അവിടെ നേടി. ബെംഗളൂരു സൂപ്പർ ഡിവിഷനിൽ ബെംഗളൂരു എഫ് സിക്ക് എതിരെ ഉൾപ്പെടെ ജിതിൻ ഗോൾ സ്കോർ ചെയ്തിരുന്നു.

കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായ ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും എഫ് സി കേരളയ്ക്കായി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എഫ് സി കേരളയിൽ നിന്നാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.

Advertisement