കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരമായിരുന്ന ജിഷ്ണു ബാലകൃഷ്ണൻ ക്ലബ് വിട്ടു. ഇനി ജിഷ്ണു ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് വേണ്ടിയാകും കളിക്കുക. കേരള ബ്ലാസ്റ്റേഴ്സിൽ അവസരങ്ങൾ ലഭിക്കില്ല എന്ന് ഉറപ്പായതോടെയാണ് താരം ക്ലബ് വിട്ടത്. സ്ഥിര കരാറിലാണ് ജിഷ്ണു ചെന്നൈ സിറ്റിയിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഗോകുലം കേരള എഫ് സിയിൽ ആയിരുന്നു ജിഷ്ണു കളിച്ചത്. എന്നാൽ അവിടെയും കാര്യമായി തിളങ്ങാൻ യുവതാരത്തിനായില്ല. അവസാന രണ്ട് സീസൺ ആയി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ആയിരുന്നു ജിഷ്ണു ഉണ്ടായിരുന്നത്.
മുമ്പ് ഗോകുലം എഫ് സിയിൽ നിന്നുമായിരുന്നു ജിഷ്ണു ബാലകൃഷ്ണൻ ബ്ലാസ്റ്റേഴ്സിൽ എത്തിയത്. ഗോകുലം എഫ് സിയുടെ തുടക്കം മുതൽ ക്ലബിനൊപ്പം ജിഷ്ണു ഉണ്ടായിരുന്നു. ഗോകുലത്തിനായി 2016-17 സീസണിൽ മികച്ച പ്രകടനമാണ് ജിഷ്ണു ബാലകൃഷ്ണൻ കാഴ്ചവെച്ചത്. ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും കേരള പ്രീമിയർ ലീഗിലും ഗോകുലത്തിനായി ആ സീസണിൽ ജിഷ്ണു ഇറങ്ങിയിരുന്നു.
മധ്യനിരക്കാരനായ ജിഷ്ണുവിനെ വിങ്ങ് ബാക്കായും കളിക്കാൻ മിടുക്കനാണ്. കേരള ബ്ലാസ്റ്റേഴ്സിൽ അവസരം കുറഞ്ഞതാണ് താരത്തെ മറ്റൊരു ക്ലബ് നോക്കാൻ പ്രേരിപ്പിച്ചത്. ബ്ലാസ്റ്റേഴ്സിൽ റിസേർവ് ടീമിനൊപ്പം ആയിരുന്നു ജിഷ്ണു ബ്ലാസ്റ്റേഴ്സിൽ ഉണ്ടായിരുന്നപ്പോൾ കളിച്ചിരുന്നത്. ചെന്നൈ സിറ്റിയിൽ എങ്കിലും തന്റെ കരിയർ ശരിയായ ട്രാക്കിൽ വരുമെന്ന് താരം പ്രതീക്ഷ വെക്കുന്നു.