കേരള ബ്ലാസ്റ്റേഴ്സിനോടും വനിത താരങ്ങളോടും മാപ്പ് പറഞ്ഞ് ജിങ്കൻ

Jyotish

കേരള ബ്ലാസ്റ്റേഴ്സിനോടും വനിത താരങ്ങളോടും മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കൻ. ഇന്നലെ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന് ശേഷമാണ് വിവാദമായ പരാമർശം ജിങ്കൻ നടത്തിയത്. ഇതേ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ജിങ്കനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അടക്കമുള്ള ഇന്ത്യൻ ഫുട്ബോൾ ആരാധകർ ജിങ്കനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞിരിക്കുകയാണ് ജിങ്കൻ. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കെതിരെ ആയിരുന്നില്ല തന്റെ പരാമർശങ്ങൾ എന്നു പറഞ്ഞ ജിങ്കൻ എല്ലാ എതിരാളികളെയും ബഹുമാനിക്കാറുണ്ടെന്നും കുട്ടിച്ചേർത്തു.

ഇന്ത്യൻ വനിത ഫുട്ബോളിന്റെ സപ്പോർട്ടർ ആണെന്നും തനിക്കും അമ്മയും സഹോദരിയും ഉണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കാറെ ഉള്ളുവെന്നും ജിങ്കൻ പറഞ്ഞു. അതേ സമയം സെക്സിസ്റ്റ് പരാമർശങ്ങൾ നടത്തിയതിന് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നാണ് ജിങ്കനെ ഫുട്ബോൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്.