ജംഷദ്പുരിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബെംഗളൂരു ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിയുടെ തിരിച്ചു വരവ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഡാനിഷ് ഫാറൂഖിന്റെ ഗോൾ ആണ് ബെംഗളൂരുവിന് നിർണായകമായ മൂന്ന് പോയിന്റ് സമ്മാനിച്ചത്. ലീഗിലെ മൂന്നാം ജയം മാത്രം സ്വന്തമാക്കിയ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. ജംഷദ്പുർ പത്താമത് തുടരുകയാണ്.
അഞ്ചാം മിനിറ്റിൽ തന്നെ വല കുലുങ്ങുന്നത് കണ്ടാണ് കണ്ടീരവ സ്റ്റേഡിയത്തിൽ മത്സരം ഉണർന്നത്. വലത് വിങ്ങിൽ നിന്നും റോയ് കൃഷ്ണ നൽകിയ ക്രോസ് ബോക്സിന് തൊട്ടു പുറത്തു നിന്ന് കാലിലെടുത്ത ഡാനിഷ് ഫാറൂഖ് തെല്ലും സമയം കളയാതെ ഷോട്ട് ഉതിർത്തപ്പോൾ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ഗോൾ മടക്കാനുള്ള സന്ദർശകരുടെ ശ്രമത്തിനിടയിൽ ഇഷാൻ പണ്ടിതയുടെ ശ്രമം ഗുർപ്രീത് സിങ് രക്ഷപ്പെത്തിയത് ബെംഗളൂരു പോസ്റ്റിലിടിച്ചാണ് വഴി മാറിയത്. പിന്നീട് ഹാവി ഹെർണാണ്ടസിന്റെ ശ്രമം പൊസിറ്റിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഉയർത്താൻ ബംഗളൂരുവിന് അവസരം ലഭിച്ചെങ്കിലും റോയ് കൃഷ്ണ നൽകിയ പാസിൽ ഒഴിഞ്ഞു നിന്ന ഹാവി തൊടുത്ത തൊടുത്ത ഷോട്ട് കീപ്പറുടെ കൈകളിൽ അവസാനിച്ചു. ഹാവിയുടെ മറ്റൊരു കനത്ത ഷോട്ട് പോസ്റ്റിൽ ഇടിച്ച് തെറിച്ചു. ബെംഗളൂരു പ്രതിരോധത്തിന്റെ കൃത്യമായ ഇടപെടൽ ജംഷാദ്പുരിന്റെ നീക്കങ്ങൾക്ക് തടയിടാൻ ടീമിന് സഹായകരമായി. അവസാന മിനിറ്റുകളിൽ ജംഷദ്പുർ സമ്മർദ്ദം തുടർന്നത് കോർണറുകൾ വഴങ്ങി ആതിഥേയർ രക്ഷപ്പെടുത്തി.