കൊച്ചി, ഏപ്രില്‍ 25, 2022: യുവ മധ്യനിരതാരം ജീക്‌സണ്‍ സിങ് തൗനോജം, ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. മൂന്നുവര്‍ഷത്തെ കരാര്‍ പ്രകാരം 2025 വരെ താരം ക്ലബ്ബില്‍ തുടരും.
മണിപ്പൂരില്‍ നിന്നുള്ള താരം, പരിശീലകനായ പിതാവിലൂടെയാണ് ഫുട്‌ബോള്‍ പരിചയപ്പെടുന്നത്. 11ാം വയസില്‍ ചണ്ഡിഗഡ് ഫുട്‌ബോള്‍ അക്കാദമിയില്‍ ചേര്‍ന്നായിരുന്നു കരിയര്‍ തുടക്കം. തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷത്തോളം ഇവിടെ താരം ചെലവഴിച്ചു. 2016ല്‍ മിനര്‍വ പഞ്ചാബിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. തുടര്‍ച്ചയായി രണ്ട് വര്‍ഷം എഐഎഫ്എഫ് അണ്ടര്‍ 15, അണ്ടര്‍ 16 യൂത്ത് ലീഗ് കിരീടങ്ങള്‍ നേടിയ അക്കാദമി ടീമില്‍ നിര്‍ണായക താരമായി. 2017 ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച ജീക്‌സണ്‍ സിങ്, ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഏക ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചു. 2017-18 ലെ ഐലീഗില്‍ ഇന്ത്യന്‍ ആരോസിന് വേണ്ടി വായ്പാ അടിസ്ഥാനത്തിലും കളിച്ചു.
മികച്ച പ്രകടനം ഇരുപതുകാരന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റിസര്‍വ് ടീമില്‍ ഇടം നേടിക്കൊടുത്തു. 2019ല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി 48 മത്സരങ്ങള്‍ കളിച്ച താരം രണ്ട് ഗോളുകളും നേടി. 187 ടാക്കിള്‍, 35 ഇന്റര്‍സെപ്ഷന്‍ എന്നിവയും ജീക്‌സണിന്റെ അക്കൗണ്ടിലുണ്ട്.
എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന, ഈ വിസ്മയകരമായ ക്ലബ്ബുമായുള്ള ബന്ധം തുടരുന്നതില്‍ സന്തോഷമുണ്ടെന്ന് ക്ലബുമായുള്ള തന്റെ കരാര്‍ വിപുലീകരണത്തില്‍ ഒപ്പുവച്ചതിന് ശേഷം ജീക്‌സണ്‍ സിങ് പറഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുന്നത് ഞാന്‍ ഏറെ ആസ്വദിച്ചു, തുടര്‍ന്നും യെല്ലോ ജഴ്‌സി ധരിക്കാന്‍ കഴിയുന്നതില്‍ ഞാന്‍ കൃതജ്ഞനാണ്. കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ ചരിത്രം സൃഷ്ടിക്കുന്നതിന് തൊട്ടടുത്തെത്തിയെങ്കിലും അവസാനം അത് നഷ്ടമായി. വരും സീസണുകളില്‍ ക്ലബിനൊപ്പം വിജയം കൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ-ജീക്‌സണ്‍ പറഞ്ഞു.
ജീക്‌സണുമായുള്ള ഇടപാടില്‍ ഞാന്‍ വളരെ സന്തോഷവാനാണെന്ന് കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ടീമിലെ മികച്ച കളിക്കാരില്‍ ഒരാളാണ് ജീക്‌സണ്‍, ഇനിയും അദ്ദേഹത്തിന്റെ കഴിവുകള്‍ പുറത്തുവരാനുണ്ട്. താരത്തിന്റെ പ്രവര്‍ത്തന ധാര്‍മികതയിലും, പ്രൊഫഷണലിസത്തിലും എനിക്ക് സന്ദേഹമില്ല. ഞങ്ങളുടെ ലക്ഷ്യങ്ങള്‍ ഒരുമിച്ച് പിന്തുടരാന്‍ കാത്തിരിക്കുകയാണ്-സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.
എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫൈനല്‍ റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള മുന്നൊരുക്ക ക്യാമ്പിനായി ദേശീയ ടീമിനൊപ്പമാണ് നിലവില്‍ ജീക്‌സണ്‍ സിങ്. സെന്റര്‍ ബാക്ക് ബിജോയിയുമായുള്ള കരാര്‍ ഇതിനകം ബ്ലാസ്റ്റേഴ്‌സ് ദീര്‍ഘകാലത്തേക്ക് നീട്ടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രാഹുല്‍, സഹല്‍ എന്നീ താരങ്ങളുടെ കരാറും ദീര്‍ഘകാലത്തേക്ക് നീട്ടിയിരുന്നു.