ബുംറയെ പോലെ സ്ഥിരമായി യോര്‍ക്കറുകള്‍ എറിയുവാന്‍ കഴിയുന്ന താരങ്ങള്‍ വിരളം

Sports Correspondent

ഐപിഎല്‍ 2020ന്റെ ആദ്യ നാല് സ്ഥാനങ്ങളിലേക്ക് കടക്കുവാന്‍ ഏറ്റവും അധികം സാധ്യത താന്‍ കല്പിക്കുന്നത് മുംബൈ ഇന്ത്യന്‍സിനാണെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ടീമിന്റെ വൈവിധ്യമാര്‍ന്ന സ്ക്വാഡിന്റെ കരുത്തില്‍ യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ സീസണിന്റെ ആദ്യ നാല് സ്ഥാനത്തില്‍ മുംബൈ എത്തുമെന്നാണ് ബ്രെറ്റ് ലീയുടെ അവകാശവാദം.

മുംബൈ ഇന്ത്യന്‍സ് താരം ജസ്പ്രീത് ബുംറയെയും പ്രശംസിക്കുവാന്‍ ബ്രെറ്റ് ലീ മറന്നില്ല. ലസിത് മലിംഗയുടെ അഭാവം ടീമിനെ ബുംറയുടെ സാന്നിദ്ധ്യം കാരണം അധികം ബാധിക്കില്ല എന്നാണ് ബ്രെറ്റ് ലീ പറയുന്നത്. നിരന്തരമായി യോര്‍ക്കറുകള്‍ എറിയുവാന്‍ ശേഷിയുള്ള താരമാണ് ജസ്പ്രീത് ബുംറയെന്നും അതിന് സാധിക്കുന്ന ബൗളര്‍മാര്‍ ഇന്ന് ലോകക്രിക്കറ്റില്‍ അപൂര്‍വ്വം തന്നെയാണെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

ന്യൂ ബോളും ഓള്‍ഡ് ബോളും ഒരേ പോലെ കൈകാര്യം ചെയ്യുവാനുള്ള കഴിവും ബുംറയെ വ്യത്യസ്തനാക്കുന്നുവെന്ന് ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.