ഐപിഎൽ ലേലത്തിന് തൊട്ടുമുമ്പ് ജേസൺ റോയിയുടെ വെടിക്കെട്ട് ഇന്നിംഗ്സ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ഇന്നലെ തകര്‍ത്തടിച്ച ജേസൺ റോയിയുടെ ഇന്നിംഗ്സ് താരത്തിന് ഐപിഎല്‍ ലേലത്തിന് മുമ്പ് വലിയ ഗുണം നല്‍കിയേക്കും. ഐപിഎൽ മെഗാ ലേലം ആരംഭിക്കുവാന്‍ ഏതാനും ദിവസം ബാക്കി നില്‍ക്കെയാണ് 57 പന്തിൽ 116 റൺസ് ജേസൺ റോയി നേടിയത്.

ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, റഷീദ് ഖാന്‍ എന്നിവരടങ്ങിയ മുന്‍ നിര പേസര്‍മാരടങ്ങിയ ബൗളിംഗ് നിരയെയാണ് ജേസൺ റോയി അടിച്ച് പറത്തിയത്. 11 ഫോറും 8 സിക്സുമാണ് താരം നേടിയത്.

ജേസൺ റോയിയുടെ മികവിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ ലാഹോര്‍ ഖലന്തേഴ്സ് നല്‍കിയ 204 റൺസ് മറികടക്കുകയായിരുന്നു. ലാഹോറിന് വേണ്ടി ഫകര്‍ സമന്‍ 45 പന്തിൽ 70 റൺസ് നേടിയപ്പോള്‍ ഹാരി ബ്രൂക്ക് 17 പന്തിൽ 41 റൺസ് നേടി.