കഴിഞ്ഞ ലോകകപ്പിൽ ജർമ്മനിയെ ഗ്രൂപ്പ് ഘട്ടത്തിൽ 2-1 നു തോൽപ്പിച്ച ജപ്പാൻ സൗഹൃദ മത്സരത്തിലും അവരെ നാണം കെടുത്തി. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് നാലു തവണ ലോക ജേതാക്കൾ ആയ ടീമിനെ തകർത്തത്. സ്വന്തം മണ്ണിൽ പന്ത് കൈവശം വെക്കുന്നതിൽ ജർമ്മനി മുന്നിട്ട് നിന്നെങ്കിലും അവസരങ്ങൾ ഉണ്ടാക്കിയത് ഒക്കെ ജപ്പാൻ ആയിരുന്നു. മത്സരത്തിൽ 14 ഷോട്ടുകൾ ഉതിർത്ത ജപ്പാൻ 11 എണ്ണവും ലക്ഷ്യത്തിലേക്ക് ആണ് ഉതിർത്തത്.
ജർമ്മൻ പ്രതിരോധം പൂർണ പരാജയം ആയ മത്സരത്തിൽ ഗോൾ കീപ്പർ ടെർ സ്റ്റെഗന്റെ മികവ് ആണ് ജർമനിയെ ഇതിലും വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ തന്നെ ജുൻയ ഇറ്റോ ജപ്പാനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. 19 മത്തെ മിനിറ്റിൽ മനോഹരമായ ഒരു ഗോളിലൂടെ ലീറോയ് സാനെ ജർമ്മനിയെ ഒപ്പം എത്തിച്ചു. വിർറ്റ്സിന്റെ പാസിൽ നിന്നായിരുന്നു സാനെയുടെ ഗോൾ. 3 മിനിറ്റിനുള്ളിൽ ഇറ്റോയുടെ പാസിൽ നിന്നു മുന്നേറ്റനിര താരം അയസെ ഉയെഡ ജപ്പാനെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. ഉയെഡയുടെ ആദ്യ പകുതിയിലെ മികച്ച 2 ശ്രമങ്ങൾ ടെർ സ്റ്റെഗൻ കഷ്ടിച്ചാണ് രക്ഷിച്ചത്.
രണ്ടാം പകുതിയിൽ 90 മത്തെ മിനിറ്റിൽ കൗണ്ടർ അറ്റാക്കിൽ പകരക്കാരനായി ഇറങ്ങിയ കുബോയുടെ പാസിൽ നിന്നു മറ്റൊരു പകരക്കാരൻ ടാകുമോ അസാനോ ജപ്പാന്റെ മൂന്നാം ഗോളും നേടി. 2 മിനിറ്റിനുള്ളിൽ കുബോയുടെ ക്രോസിൽ നിന്നു വേറൊരു പകരക്കാരൻ ടനാക ഹെഡറിലൂടെ ഗോൾ നേടിയതോടെ ജർമ്മൻ പരാജയം പൂർത്തിയായി. ഒരിക്കൽ കൂടി ഏഷ്യൻ കരുത്ത് ജപ്പാൻ കാണിച്ചപ്പോൾ കൂവലോടെയാണ് ജർമ്മൻ ആരാധകർ ഹാൻസി ഫ്ലികിന്റെ ടീമിനെ യാത്രയാക്കിയത്. യൂറോ കപ്പ് മുന്നിൽ നിൽക്കുമ്പോൾ കടുത്ത സമ്മർദ്ദം തന്നെയാണ് ജർമ്മനി നേരിടുന്നത്.