മുൻ എവർട്ടൺ താരവും ഓസ്ട്രേലിയക്ക് വേണ്ടി റഷ്യൻ ലോകകപ്പിൽ ബൂട്ട് കെട്ടിയ ടിം കാഹിൽ ഈ സീസണിൽ ജംഷഡ്പൂർ എഫ് സിക്കായി പന്ത് തട്ടും. നാല് ലോകകപ്പിന്റെ അനുഭവ സമ്പത്തുമായാണ് കാഹിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തുന്നത്. കഴിഞ്ഞ തവണ ഐ.എസ്.എല്ലിൽ അഞ്ചാം സ്ഥാനത്ത് സീസൺ അവസാനിപ്പിച്ച ജംഷഡ്പൂർ ഇത്തവണ മികച്ച പ്രതീക്ഷയോടെയാണ് കളിക്കാനിറങ്ങുന്നത്. പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി ജംഷഡ്പൂർ ഇപ്പോൾ സ്പെയിനിലാണ്.
പ്രീമിയർ ലീഗിൽ എട്ട് വർഷത്തോളം എവർട്ടണ് വേണ്ടി കളിച്ച താരമാണ് കാഹിൽ. എവർട്ടൺ വിട്ടതിനു ശേഷം അമേരിക്കയിലെ മേജർ സോക്കർ ലീഗിലും ചൈനീസ് ലീഗിലും സ്വന്തം നാട്ടിലെ എ ലീഗിലും കളിച്ച താരം കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് ചാംപ്യൻഷിപ് ക്ലബായ മിൽവാളിന്റെ താരമായിരുന്നു.
ഓസ്ട്രലിയൻ ടീമിന് വേണ്ടി ഏറ്റവും ഗോൾ നേടിയ താരമായ കാഹിൽ നാല് ലോകകപ്പുകളിൽ ഓസ്ട്രേലിയയെ പ്രധിനിധികരിച്ച് കളിച്ചിട്ടുണ്ട്. ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ഓസ്ട്രേലിയൻ താരമായ കാഹിൽ മൂന്ന് ലോകകപ്പുകളിൽ ഗോളും നേടിയിട്ടുണ്ട്. റഷ്യയിൽ നടന്ന ലോകകപ്പിന് ശേഷം കാഹിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടവാങ്ങിയിരുന്നു.