മുംബൈയും കീഴടക്കി കൊപ്പലാശാനും ജാംഷഡ്പൂരും പ്ലേ ഓഫിലേക്ക്

Staff Reporter

മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്.  ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ സിറ്റി ആക്രമണം നടത്തിയപ്പോഴെല്ലാം മികച്ച രക്ഷപെടുത്തലുമായി സുബ്രത പോൾ രക്ഷക്കെത്തി.

മത്സരത്തിൽ ആദ്യം തുറന്ന അവസരം ലഭിച്ചത് ജാംഷഡ്പൂരിനാണ്. ഫാറൂഖിന്റെ മികച്ചൊരു ശ്രമം മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഫാറൂഖ് ചൗധരിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർസിയോ റൊസാരിയോ ഗോൾ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും പന്ത് വീണ്ടും മുംബൈ വല ലക്ഷ്യമാക്കി കുതിക്കുകയും ചെയ്തു. അത് തടയാൻ ശ്രമിച്ച സഞ്ജു പ്രഥാന് പിഴച്ചപ്പോൾ സെൽഫ് ഗോളിലൂടെ ജാംഷഡ്പൂർ മത്സരത്തിൽ ലീഡ് നേടുകയായിരുന്നു.

തുടർന്ന് രണ്ടാം പകുതിയിൽ ഗോൾ നേടാനുറച്ച് ഇറങ്ങിയ മുംബൈ നിരവധി അവസരങ്ങളാണ് സൃഷ്ട്ടിച്ചത്. ഗോൾ പോസ്റ്റിനു മുൻപിൽ ബൽവന്ത് സിങ് അവസരങ്ങൾ നഷ്ട്ടപെടുത്തിയപ്പോൾ സുബ്രത പോളിന്റെ മികച്ച രക്ഷപെടുത്തലുകളും ജാംഷഡ്പൂരിന് തുണയായി. തുടർന്നാണ് മുംബൈ സിറ്റി എവർട്ടൻ സാന്റോസിലൂടെ സമനില പിടിച്ചത്. മുംബൈക്ക് അനുകൂലമായി ലഭിച്ച കോർണറിൽ നിന്ന് ജാംഷഡ്പൂർ പ്രതിരോധം മറികടന്ന് സാന്റോസ് വല കുലുക്കുകയായിരുന്നു.

എന്നാൽ മത്സരം സമനിലയിലാക്കാൻ ജാംഷഡ്പൂർ എഫ്.സി തയ്യാറായിരുന്നില്ല.  ഫാറൂഖ് ചൗദരിയെ മാറ്റി ബികാശ് ജൈറുവിനെ ഇറക്കി ജാംഷഡ്പൂർ ആക്രമണം ശക്തമാക്കി. അതിന്റെ പ്രതിഫലമെന്നോണം തൊട്ടടുത്ത മിനുട്ടിൽ തന്നെ ജൈറുവിലൂടെ ജാംഷഡ്പൂർ ലീഡ് നേടി മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ വിലപ്പെട്ട 3 പോയിന്റ് നേടിയ ജാംഷഡ്പൂർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി. 13 മത്സരങ്ങളിൽ നിന്ന് 17 പോയിന്റോടെ മുംബൈ സിറ്റി എഫ്.സി ആറാം സ്ഥാനത്ത് തന്നെയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial