ഐ എസ് എല്ലിലേക്ക് ഒരിക്കൽ കൂടെ അത്ലറ്റിക്കോ മാഡ്രിഡ് വരികയാണ്. കഴിഞ്ഞ സീസൺ വരെ എടികെ കൊൽക്കത്തയുടെ ഒപ്പം സഹകരിച്ച ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് കഴിഞ്ഞ തവണ കൊൽക്കത്തൻ ക്ലബുമായി പിരിഞ്ഞിരുന്നു. ജംഷദ്പൂരുമായി നേരത്തെ ധാരണയിൽ എത്തിയ അത്ലറ്റിക്കോ മാഡ്രിഡ് നാളെ ഇരു ക്ലബുകളും തമ്മിലുള്ള സഹകരണം ഔദ്യോഗികമായി പ്രഖ്യാപിക്കും. നാളെ ഡെൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിലാകും പ്രഖ്യാപനം ഉണ്ടാവുക. ഇതിനായി അത്ലറ്റിക്കോ മാഡ്രിഡ് ഭാരവാഹികൾ ഇന്ത്യയിൽ എത്തിയിട്ടുണ്ട്.
നേരത്തെ ജംഷദ്പൂർ എഫ് സി മാനേജ്മെന്റ് മാഡ്രിഡിൽ ചെന്ന് ചർച്ചകൾ നടത്തിയ ശേഷമായിരുന്നു ഇരു ക്ലബുകളുൻ സഹകരണം ആരംഭിച്ചത്. പരിശീലകനെയും വിദേശ താരങ്ങളെയും ഒക്കെ ജംഷദ്പൂരിൽ എത്തിക്കുന്നതിൽ അത്ലറ്റിക്കോ മാഡ്രിഡ് വലിയ പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ പ്രീസീസണ് ജംഷദ്പൂരിന് സൗകര്യങ്ങൾ ഒരുക്കിയതും അത്ലറ്റിക്കോ മാഡ്രിഡ് ആയിരുന്നു.
മുമ്പ് മൂന്ന് സീസണിൽ അത്ലറ്റിക്കോ മാഡ്രിഡ് എടികെയെ പിന്തുണച്ചപ്പോൾ എടികെ രണ്ട് കിരീടങ്ങൾ ഐ എസ് എല്ലിൽ നേടിയിരുന്നു. കൊൽക്കത്ത ക്ലബിന് വേണ്ട ട്രെയിനിങ് സൗകര്യങ്ങൾ പരിശീലകർ എന്നിവയൊക്കെ അത്ലറ്റിക്ക് മാഡ്രിഡായിരുന്നു നൽകിയത്. എന്നാൽ പിന്നീട് എ ടി കെ മാനേജ്മെന്റിനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസം ഇരു ക്ലബുകളും പിരിയുന്നതിൽ എത്തിക്കുകയായിരുന്നു.