കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വലിയ തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് ആയ ജൈറോ ദീർഘകാലം പുറത്തായിരിക്കും എന്ന് ക്ലബ് അറിയിച്ചു. ജൈറോയ്ക്ക് ഏറ്റ പരിക്ക് സാരമുള്ളതാണെന്നും താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വരും എന്നുമാണ് ക്ലബ് അറിയിച്ചത്. ചിലപ്പോൾ ജൈറോ ഈ സീസണിൽ ഇനി കളിക്കാൻ തന്നെ സാധ്യതയില്ല.
ഒഡീഷയ്ക്ക് എതിരായ മത്സരത്തിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്കായ ജൈറോയ്ക്ക് പരിക്കേറ്റത്. സീസൺ ആരംഭം മുതൽ പരിക്ക് സഹിച്ചായിരുന്നു ജൈറോ കളിച്ചിരുന്നത്. വിദഗ്ധ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണ് താരം ഇനി ഈ സീസണിൽ കളിക്കുമോ എന്ന് സംശയമുള്ളത്. ജൈറോയ്ക്ക് പകരം ഒരു പുതിയ ഡിഫൻഡറെ എത്തിക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഇതിനായി ഐ എസ് എൽ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സെന്റർ ബാക്കുകളായ ജിങ്കൻ, സുയിവർലൂൺ എന്നിവരും നേരത്തെ പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെ സെന്റർ ബാക്കിൽ വിശ്വസ്ഥരായ ആരും ഇല്ലാത്ത അവസ്ഥയിലായി കേരള ബ്ലാസ്റ്റേഴ്സ്. വെറ്ററൻ താരം രാജു ഗെയ്ക് വാദും, യുവതാരം ഹക്കുവും ആകും ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക.