ഹോങ്കോംഗിനെതിരെ പ്രതാപം നഷ്ടപ്പെട്ട ഇന്ത്യന്‍ ബൗളിംഗ് നിരയോട് മുട്ട് മടക്കി പാക്കിസ്ഥാന്‍ ബാറ്റിംഗ് നിര. കേധാര്‍ ജാഥവിനും ഭുവനേശ്വര്‍ കുമാറിനൊപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഒത്തുപിടിച്ചപ്പോള്‍ പാക്കിസ്ഥാന്‍ 162 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 43.1 ഓവറുകള്‍ക്കുള്ളില്‍ പാക്കിസ്ഥാനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനത്തിനു പ്രായശ്ചിത്തം ചെയ്തു.
ഓപ്പണര്‍മാരായ ഇമാം-ഉള്‍-ഹക്കിനെയും ഫകര്‍ സമനെയും തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം ബാബര്‍ അസം-ഷൊയ്ബ് മാലിക്ക് കൂട്ടുകെട്ട് പാക്കിസ്ഥാനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും 47 റണ്‍സ് നേടിയ ബാബര്‍ അസമിനെ കുല്‍ദീപ് യാദവ് പവലിയനിലേക്ക് തിരികെ അയയ്ച്ചു. ഷൊയ്ബ് മാലിക്ക്(43) റണ്ണൗട്ടായി പുറത്തായതോടെ പാക്കിസ്ഥാനു കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. സര്‍ഫ്രാസ് അഹമ്മദിനെയും ആസിഫ് അലിയെയും കേധാര്‍ ജാഥവും പുറത്താക്കി.
എട്ടാം വിക്കറ്റില്‍ 37 റണ്‍സ് നേടിയ ഫഹീം അഷ്റഫ്-മുഹമ്മദ് അമീര്‍ കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 150 കടക്കുവാന്‍ സഹായിച്ചത്. 21 റണ്‍സ് നേടിയ ഫഹീം അഷ്റഫിനെ ധവാന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. ഓപ്പണര്‍മാരെ പുറത്താക്കിയ ഭുവി തിരികെയെത്തി വാലറ്റത്തില്‍ ഹസന്‍ അലിയെയും പുറത്താക്കി.
ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും രണ്ടും കുല്‍ദീപ് ഒരു വിക്കറ്റും നേടി.