കൊച്ചി, ഏപ്രില്‍ 4, 2022: ടീമിന്റെ മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന്റെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. 2025 വരെ ഇവാന്‍ ടീമിനൊപ്പം തുടരും. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നതുമുതല്‍, ക്ലബ്ബിന്റെ കളിശൈലിയില്‍ പരിവര്‍ത്തനപരമായ സ്വാധീനമാണ് ഇവാന്‍ ചെലുത്തിയത്. ടീമിനെ മൂന്നാം ഐഎസ്എല്‍ ഫൈനലിലേക്ക് നയിച്ചതിന് പുറമെ, സീസണില്‍ പ്രധാനപ്പെട്ട ക്ലബ്ബ് റെക്കോര്‍ഡുകളുടെ ഒരു നിര തന്നെ സ്ഥാപിക്കുകയും ചെയ്തു.
ഇവാന്‍ മുഖ്യപരിശീലകനായ ആദ്യ സീസണില്‍ നിരവധി നാഴികക്കല്ലുകള്‍ ക്ലബ്ബ് പിന്നിട്ടു. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ, ക്ലബ് ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിളില്‍ ഏറ്റവും മുന്നിലെത്തുന്നത് കണ്ടു. നിരവധി ഇന്ത്യന്‍ താരങ്ങള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയും യുവതാരങ്ങള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ഇവാന്റെ കീഴില്‍ രേഖപ്പെടുത്തിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇതൊരു മാതൃകാപരമായ സീസണ്‍ കൂടിയായിരുന്നു.
‘ഇവാനുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ടീമുമായി സുഗമമായി പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ക്ലബിന്റെ ഒരു പ്രധാന നീക്കമാണെന്ന് ഞാന്‍ കരുതുന്നു, ഞങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. ഈ വിപുലീകരണത്തിലൂടെ എല്ലാ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’-ബ്ലാസ്‌റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ സഹകരണം ആരംഭിച്ചത് മുതല്‍, ഈ മനോഹരമായ ക്ലബ്ബിന് ചുറ്റും ശരിയായ ഊര്‍ജവും വികാരവും എനിക്ക് അനുഭവപ്പെട്ടുവെന്ന് കരാര്‍ വിപുലീകരണത്തെക്കുറിച്ചുള്ള തന്റെ ആവേശം പങ്കുവച്ചുകൊണ്ട് മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ഈ പദ്ധതിയെ നയിക്കുന്ന ആളുകളും, ആരാധകരും, കേരളവും എന്നെ പെട്ടെന്ന് ആകര്‍ഷിച്ചു. കൂടുതല്‍ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും കൂടി, അതേ ദിശയില്‍ തുടരാനുള്ള മികച്ച അവസരമാണ് ഇന്ന് നമുക്കുള്ളത്. കരാര്‍ വിപുലീകരണത്തില്‍ ഞാന്‍ ഏറെ തൃപ്തനും സന്തുഷ്ടനാണ്. അടുത്ത സീസണുകളില്‍ മികച്ചവരാകാന്‍ നമുക്കെല്ലാവര്‍ക്കും കൂടുതല്‍ പ്രചോദനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇവാന്‍ കൂട്ടിച്ചേര്‍ത്തു.
ഇവാന്‍ ടീമിനൊപ്പമുള്ള സഹവാസം തുടരുന്നതില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബിലെ എല്ലാവരും ആവേശഭരിതരാണെന്നും, ക്ലബ്ബില്‍ ഇനിയുള്ള സമയത്തും അദ്ദേഹത്തിന് എല്ലാ വിജയാശംസകള്‍ നേരുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.